കനാലിൽ വിള്ളൽ; ബാരാപോളിൽ വൈദ്യുതി ഉൽപ്പാദനം നിർത്തി

Share our post

ഇരിട്ടി: കനത്തമഴയിൽ ഒഴുക്ക്‌ വർധിച്ചതോടെ ബാരാപോൾ മിനി ജലവൈദ്യുത പദ്ധതി കനാലിൽ വിള്ളൽ. വിള്ളലിലൂടെ കനാലിൽനിന്നും വെള്ളം പുറത്തേക്ക് കുത്തിയൊലിച്ചതോടെ ബാരാപോൾ പദ്ധതിയിൽ വൈദ്യുതി ഉൽപാദനം നിർത്തി. പുഴയിൽനിന്നും ഫോർബേടാങ്കിലേക്ക് വെള്ളമെത്തിക്കുന്ന കനാലിന്റെ ഇലവുങ്കൽ ജങ്‌ഷനിൽനിന്നും 500 മീറ്റർ മാറിയാണ് കനാൽ അടിത്തട്ടിൽ വലിയ വിള്ളലുണ്ടായത്‌. പുഴയിൽ ജലനിരപ്പ്‌ കനത്തതോടെ വൈദ്യുതി ഉൽപ്പാദനശേഷം പുഴയിലേക്ക്‌ ഒഴുക്കുന്ന വെള്ളം തിരികെയെത്തുന്ന സ്ഥിതിയാണ്‌. ഇതുകാരണം ബുധനാഴ്‌ച രാത്രിയോടെ വൈദ്യുതി ഉൽപ്പാദനം നിർത്തി. കനാൽ ഷട്ടറിട്ട്‌ ഇതുവഴിയുള്ള ഒഴുക്കും തടഞ്ഞു. കനാലിൽ വിള്ളൽ കണ്ടതോടെയാണ്‌ സുരക്ഷ മുൻനിർത്തി വൈദ്യുതി ഉൽപ്പാദനത്തിനുള്ള വെള്ളം തടഞ്ഞത്‌. മുമ്പ്‌ ചോർച്ച കണ്ടെത്തിയ ഭാഗത്താണ് ഇപ്പോഴും വിള്ളലുണ്ടായത്‌. കനാൽ ചോർച്ച കാരണം സമീപത്തെ വീട്ടുകാർ ആശങ്കയിലാണ്‌. ആശങ്ക ഉടൻ പരിഹരിക്കാൻ നടപടി സ്വീകരിക്കാൻ സ്ഥലത്തെത്തിയ തഹസീൽദാർ സി വി പ്രകാശൻ കെഎസ്ഇബിയോട് ആവശ്യപ്പെട്ടു. കനാൽ പരിസരത്തുനിന്ന്‌ മാറ്റി പാർപ്പിച്ച കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന്‌ പഞ്ചായത്തംഗം ബിജോയ് പ്ലാത്തോട്ടത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ അധികൃതരെ അറിയിച്ചു. പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന്‌ കെഎസ്ഇബി സിവിൽ വിഭാഗം ഇ.ഇ അനിൽകുമാർ, എ.ഇ.ഇ അജിത്ത്, എ.ഇ മനോജ് എന്നിവർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!