യാത്രക്കാരുടെ ശ്രദ്ധയ്ക്ക് :കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനുകളുടെ പുറപ്പെടല്‍ സ്റ്റേഷന് മാറുന്നു

കണ്ണൂര്‍:മെജസ്റ്റിക് കെഎസ്ആര് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കേരളത്തിലേക്കുള്ള 2 ട്രെയിനുകള്‍ ഓഗസ്റ്റ് 16 മുതല്‍ 2026 ജനുവരി 15 വരെ പുറപ്പെടുക ബയ്യപ്പനഹള്ളി ടെര്‍മിനലില്‍ നിന്ന്. രാവിലെ 6.10ന് പുറപ്പെടുന്ന എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് ((12677/78), രാത്രി 9.35ന് പുറപ്പെടുന്ന കണ്ണൂര്‍ എക്സ്പ്രസ് (16511/12) എന്നിവയാണ് എസ്.എം.വി.ടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുക. ബെംഗളൂരു കെ.എസ്.ആര് റെയില്‍വേ സ്റ്റേഷനിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 5 മാസത്തേക്കുള്ള ക്രമീകരണമാണ് ഇതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ പ്രതിഷേധം കനക്കുകയാണ്. നൂറ് കണക്കിന് മലയാളികളാണ് ഈ ട്രെയിനുകളെ ദിവസവും ആശ്രയിക്കുന്നത്. അവരെ സംബന്ധിച്ച് സ്റ്റേഷന് മാറ്റം അസൗകര്യമുണ്ടാക്കും. ബെംഗളൂരു നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് താണ്ടി വേണം എസ്എംവിടി റെയില്‍വേ സ്റ്റേഷനില്‍ എത്താനെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പലപ്പോഴും ട്രെയിന്‍ നഷ്ടമാകുന്ന സാഹചര്യം ഒരുക്കാനിടയുണ്ടെന്നും മലയാളി യാത്രക്കാര്‍ വ്യക്തമാക്കുന്നു. മധ്യ-തെക്കന്‍ കേരളത്തിലേക്കും വടക്കന്‍ കേരളത്തിലേക്കുമുള്ള യാത്രക്കാര്‍ ആശ്രയിക്കുന്നവയാണ് ഈ ട്രെയിനുകള്‍.