കേരളത്തിലേക്കുള്ള രണ്ട് തീവണ്ടികൾക്ക് ബെംഗളൂരു നഗരഹൃദയത്തിൽനിന്ന് സ്ഥലംമാറ്റം

ബെംഗളൂരു: ബെംഗളൂരു നഗരഹൃദയത്തിലെ കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ(എസ്ബിസി) നിന്ന് കേരളത്തിലേക്കുള്ള രണ്ട് പ്രധാന തീവണ്ടികൾക്ക് വരുന്ന ഓഗസ്റ്റ് 16 മുതൽ എസ്എംവിടി ടെർമിനലിലേക്ക് സ്ഥലം മാറ്റം. രാവിലെ 6.10-ന് പുറപ്പെടുന്ന എറണാകുളം എക്സ്പ്രസും(ഇന്റർ സിറ്റി എക്സ്പ്രസ്-12677) രാത്രി എട്ടുമണിക്ക് പുറപ്പെടുന്ന എസ്ബിസി-കണ്ണൂർ എക്സ്പ്രസും(16511)ആണ് സ്റ്റേഷൻ മാറുന്നത്.രണ്ടു വണ്ടികളും (എറണാകുളം-എസ്ബിസി എക്സ്പ്രസ്-12678, കണ്ണൂർ-എസ്ബിസി എക്സ്പ്രസ്-16512) ഓഗസ്റ്റ് 15 മുതൽ എസ്ബിസിയിലേക്ക് യാത്ര അവസാനിപ്പിക്കാൻ എത്തില്ല. വണ്ടികൾ യാത്ര അവസാനിപ്പിക്കുന്നതും യാത്ര തുടങ്ങുന്നതും എസ്എംവിടി(സർ എം.വിശ്വേശ്വരയ്യ ടെർമിനൽ ബെംഗളൂരു)യിൽനിന്നായിരിക്കും. അടുത്തവർഷം ജനുവരി 16 വരെയാണ് മാറ്റം. റെയിൽവേയുടെ സീറ്റ് റിസർവേഷൻ സൈറ്റിൽ രണ്ടു തീവണ്ടികൾക്കും പുതിയ ക്രമീകരണ പ്രകാരമുള്ള മാറ്റം ഏർപ്പെടുത്തി.
കെഎസ്ആർ റെയിൽവേ സ്റ്റേഷൻ യാർഡിലെ പിറ്റ്ലൈനുകളുടെ നിർമാണം നടക്കുന്നതിനാലാണ് വണ്ടികളെ എസ്എംവിടിയിലേക്ക് മാറ്റുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം, ഈ രണ്ടു വണ്ടികളിലും കേരളത്തിലേക്കുള്ള ഒട്ടേറെ യാത്രക്കാർ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഏതാനും സ്റ്റേഷനുകൾ ഇതോടെ ഒഴിവാകും. എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് മടക്കയാത്രയിൽ കന്റോൺമെന്റ് സ്റ്റേഷനിലും കെ.എസ്ആറിലും എത്തില്ല. കർമലാരം, ബൈയപ്പനഹള്ളി വഴി വന്ന് എസ്എംവിബിയിൽ യാത്ര അവസാനിപ്പിക്കും. തിരിച്ച് എസ്എംവിബിയിൽനിന്ന് ബൈയപ്പനഹള്ളി, കർമലാരം വഴിയായിരിക്കും കേരളത്തിലേക്കുള്ള മടക്കയാത്ര. കണ്ണൂർ എക്സ്പ്രസ് കുനിഗൽ, ചിക്കബാനവാര, യശ്വന്തപുര ജങ്ഷൻ, ഹെബ്ബാൾ, ബാനസവാടി വഴി എസ്എംവിബിയിലെത്തുന്ന രീതിയിൽ വഴിതിരിച്ചുവിടും. ബെംഗളൂരുവിൽനിന്നുള്ള മടക്കയാത്രയും ഈ വഴിയായിരിക്കും. രാത്രി എട്ടിനാണ് ഈ വണ്ടി ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്നത്. കേരളത്തിലേക്കുള്ള രണ്ട് വണ്ടികൾക്കു പുറമെ, മഹാരാഷ്ട്രയിലെ നാംദേഡിലേക്കുള്ള എക്സ്പ്രസ് തീവണ്ടിയെയും(16511/16512) എസ്എംവിബിയിലേക്ക് മാറ്റും.