പൂട്ടിക്കിടക്കുന്ന വീടുകളിലും സ്ഥാപനങ്ങളിലും കവർച്ച; ആക്രി കടക്കാരനടക്കം അഞ്ചു പേർ അറസ്റ്റിൽ

കണ്ണവം: ജില്ലയിൽ പൂട്ടിക്കിടക്കുന്ന വീടുകളിലും സ്ഥാപന ങ്ങളിലും കവർച്ച നടത്തുന്ന നാല് സ്ത്രീകളുൾപ്പെടെ അഞ്ചംഗസംഘത്തെ കണ്ണവം സി.ഐ കെ.വി. ഉമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കാഞ്ഞിരോട് തെരുവിലെ സൈനബ മൻസിലിൽ എസ്. എം. ഫൈസൽ (43), തഞ്ചാവൂർ സെങ്കിപെട്ടി സ്വദേശികളായ ഇപ്പോൾ നിലവിൽ മുണ്ടേരി മൊട്ട മുതുകോത്ത് വലിയ കുണ്ടു ഉന്നതി സ്വദേശികളുമായ ലക്ഷ്മി (36), രേവതി (31), ഷെൽവി (27), പാർവതി (50) എന്നിവരെയാണ് സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ സമർത്ഥമായ അന്വേഷണത്തിൽ പിടികൂടിയത്.
14 മാസമായി പൂട്ടിക്കിടന്ന കണ്ണവം എടയാറിലെ മലബാർ ക്രഷറിൽ നിന്ന് 42 ലക്ഷത്തിൻ്റെ സാമഗ്രികൾ കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. ക്രഷർ ഉടമ തോമസിൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകളും ഫോൺകോളുകളും പരിശോധി ച്ചതിനെത്തുടർന്നാണ് മോഷണ സം ഘത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സാധന സാമഗ്രികൾ കടത്തിക്കൊണ്ടുപോയ വാഹനത്തെക്കുറിച്ചും സൂചന ലഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.
പിടിയിലായ ഫൈസൽ ആക്രികട നട ത്തുന്നയാളാണ്. കളവ് മുതലുകളാണ് മിക്ക വാറും ഇയാൾ നിസാരവിലക്ക് വാങ്ങുന്നത്. തലശേരി, ധർമ്മടം സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
പൂട്ടിക്കിടക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ പിടിയിലായ സ്ത്രീകൾ അവിടെ നിന്നും ഇലക്ട്രിക് ഉപകരണങ്ങൾ, മോട്ടറുകൾ തുടങ്ങിയവ മോഷ്‌ടിച്ച് ഇതിൻ്റെ കോപ്പർ വയറുകളാണ് ഫൈസലിന് കൊടുക്കാറുള്ളത്.
പണിതുകൊണ്ടിരിക്കുന്ന വീടുകൾക്ക് പലപ്പോഴും അടച്ചുറപ്പുള്ള വാതിലുകൾ പണിയാൻ ജനം തയ്യാറാകാറില്ല. ഇത് മോഷ്ടാക്കൾക്ക് എളുപ്പത്തിൽ സാധനങ്ങൾ സ്വരൂപി ക്കാൻ കാരണമാകുന്നുണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. എസ്.ഐ പ്രകാശൻ, എ.എസ്.ഐമാരായ ഹാഷിം, രാജീവൻ, സി.പി.ഒമാരായ അനീസ്, പ്രജിത്ത് കണ്ണിപൊയിൽ, അഷ്റഫ്, സജ്‌ന, ഷംന തുടങ്ങിയവരും കേസന്വേഷിച്ച സംഘത്തിലുണ്ടായിരുന്നു.