പ്രളയത്തിൽ തകർന്ന ആനമതിൽ പുനർനിർമിക്കാതെ വനംവകുപ്പ്

കേളകം: ആറളം വനാതിർത്തിയിൽ പ്രളയത്തിൽ തകർന്ന ആനമതിൽ ഇനിയും പുനർനിർമിക്കാതെ വനം വകുപ്പ്. മുട്ടുമാറ്റി-ചീങ്കണ്ണിപ്പുഴയോരത്തെ തകർന്ന മതിൽ കടന്ന് കാട്ടാനകളും മറ്റ് വന്യമൃഗങ്ങളുമെത്തുന്നതിനാൽ ഭീതിയോടെ കഴിയുകയാണ് അടക്കാത്തോട് നാട്ടുകാർ. ഉരുള്‍പൊട്ടലിലും തുടര്‍ന്നുണ്ടായ പ്രളയത്തിലും നിരവധി സ്ഥലങ്ങളിലാണ് ആനമതില്‍ തകര്‍ന്നത്. തകര്‍ന്ന ചില സ്ഥലങ്ങളില്‍ താല്‍ക്കാലികമായി ഫെന്‍സിങ് സംവിധാനം ഏര്‍പ്പെടുത്തിയാണ് വന്യമൃഗങ്ങളെ താല്‍ക്കാലികമായി നിയന്ത്രിക്കുന്നത്. എന്നാല്‍, ഇതൊന്നും തന്നെ ശാശ്വതമല്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നിലവിൽ വനത്തിൽ ഭക്ഷണത്തിനും ക്ഷാമം നേരിടുന്നതോടെ ജനവാസ കേന്ദ്രങ്ങളിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്ന് കയറ്റവും രൂക്ഷമായിട്ടുണ്ട്.