കാലവർഷത്തിൽ രണ്ടാഴ്ചക്കിടെ 2.49 കോടിയുടെ കൃഷിനാശം

കണ്ണൂർ: കാലവർഷം ശക്തിപ്രാപിച്ചതോടെ ജില്ലയിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെയുണ്ടായത് 2.49 കോടിയുടെ കൃശിനാശം. ഈ മാസം 12 മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ചാണിത്. മലയോര മേഖലയിലാണ് കൂടുതലായും കൃഷി നാശമുണ്ടായത്. 23.21 ഹെക്ടർ കൃഷിയാണ് കനത്തമഴയിൽ നശിച്ചത്. 1984 കർഷകർക്കാണ് നാശമുണ്ടായത്. വാഴ, തെങ്ങ്, റബർ, കശുമാവ്, കവുങ്ങ്, കൊക്കൊ, ജാതി, പയർവർഗങ്ങൾ, പച്ചക്കറികൾ എന്നിവയാണ് മഴയിൽ നശിച്ചത്. വാഴകൃഷിയാണ് കൂടുതലായും നശിച്ചത്. 21835 വാഴകൾ നശിച്ചതായാണ് കണക്ക്. ഓണം വിപണി ലക്ഷ്യമിട്ട് കർഷകർ നട്ട വാഴകളാണ് നശിച്ചത്.കാലവർഷ ഭീഷണി നിലനിൽക്കുന്നതിനാൽ പലയിടത്തും കർഷകർ കൂട്ടത്തോടെ വാഴക്കുലകൾ വെട്ടുകയുമുണ്ടായി. ഇത് വിപണി കിട്ടാത്ത അവസ്ഥയിലെത്തിച്ചു. വാഴക്കുലയ്ക്ക് വില കുത്തനെ കുറഞ്ഞു. കർഷകരിൽ നിന്ന് മെച്ചപ്പെട്ട വിലയ്ക്ക് വാഴക്കുല സംഭരിക്കും എന്നു പറഞ്ഞിരുന്ന ഹോർട്ടികോർപ് കാര്യമായി ഇടപെടാത്തതും കർഷകർക്കു തിരിച്ചടിയായി.ജില്ലയിലെ ഇരിട്ടി, ഇരിക്കൂർ, പേരാവൂർ, തളിപ്പറമ്പ്, ആലക്കോട്, പയ്യന്നൂർ, എടക്കാട്, തലശ്ശേരി, പാനൂർ, കുത്തുപറമ്പ് എന്നിവിടങ്ങളിലാണ് കൃഷിനാശം കൂടുതലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളകെട്ട് മൂലം പല സ്ഥലങ്ങളിലും കൃഷിനാശം സംഭവിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. മലയോര മേഖലയായ ഇരിക്കൂർ, ഇരിട്ടി, പേരാവൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നും റബർ, തെങ്ങ്, കൊക്കോ, കവുങ്ങ് കൃഷികളാണ് കൂടുതലായും നശിച്ചത്. 1408 തെങ്ങുകളാണ് ജില്ലയിലാകെ നശിച്ചത്.2391 കവുങ്ങുകളും നശിച്ചു. റബർ കൃഷിക്കും വ്യാപകമായ നാശമുണ്ടായി.2019ന് ശേഷം നഷ്ടപരിഹാരമില്ലബാങ്കുകളിൽ നിന്ന് വായ്പയെടുത്തും സ്വാശ്രയ സംഘങ്ങൾ രൂപീകരിച്ചും നടത്തിയ കൃഷിയാണ് നശിച്ചത് .പ്രകൃതിക്ഷോഭത്തിൽ കൃഷി നശിച്ചവർക്ക് 2019നു ശേഷം നഷ്ടപരിഹാരം വിതരണം ചെയ്തിട്ടില്ല. ഒരു വാഴക്കുലയുടെ ഉത്പാദനച്ചെലവ് ശരാശരി 300 രൂപയിൽ അധികം വരും. എന്നാൽ പ്രകൃതിക്ഷോഭത്തിൽ കൃഷി നശിച്ചാൽ 100 രൂപയാണ് നഷ്ടപരിഹാരം ലഭിക്കുക. ഇതു വിതരണം ചെയ്തിട്ടുതന്നെ അഞ്ച് വർഷമായി.കർഷകരുടെ യോഗം വിളിച്ചു രജിസ്റ്റർ ചെയ്യുന്ന കർഷകരിൽ നിന്നു നേരിട്ട് വാഴക്കുല സംഭരിക്കും എന്നായിരുന്നു വാഗ്ദാനം. എന്നാൽ രണ്ടു തവണയായി വളരെ കുറച്ച് നേന്ത്രവാഴക്കുല മാത്രമാണ് ഹോർട്ടികോർപ് സംഭരിച്ചത്.