ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം നഷ്ടമായി

കണ്ണൂർ: സർക്കാറും വിവിധ സംഘടനകളും ബോധവത്കരണം തുടരുന്നതിനിടെ ജില്ലയിൽ ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം രൂപയോളം നഷ്ടമായി. ഇടവേളകളില്ലാതെ ഓൺലൈൻ തട്ടിപ്പ് തുടരുമ്പോൾ പറ്റിക്കപ്പെടാൻ തയാറായി കൂടുതൽ പേർ മുന്നോട്ടുവരുന്ന കാഴ്ചയാണ്.
ഏഴ് പരാതികളിൽ സൈബർ പൊലീസ് കേസെടുത്തു. കണ്ണൂർ, വളപട്ടണം, ചൊക്ലി, ചക്കരക്കല്ല് സ്വദേശികൾക്കാണ് പണം നഷ്ടമായത്. ഓൺലൈൻ മുഖേന ട്രേഡിങിനായി പണം കൈമാറിയ കണ്ണൂർ ടൗൺ സ്വദേശിക്ക് ഒമ്പത് ലക്ഷം രൂപ നഷ്ടപ്പെട്ടു. ടെലഗ്രാം വഴി ട്രേഡിങ് ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്കിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ ലഭിക്കാതായതോടെ പരാതിപ്പെടുകയായിരുന്നു.ചൊക്ലി സ്വദേശിനിക്ക് 2.38 ലക്ഷമാണ് നഷ്ടമായത്. വാട്സ് ആപ്പിൽ സന്ദേശം കണ്ട് ഷോപിഫൈ എന്ന ആപ്ലിക്കേഷൻ വഴി പണം നിക്ഷേപിക്കുകയായിരുന്നു. ലാഭം ലഭിക്കുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്കി വഞ്ചിക്കപ്പെടുകയായിരുന്നു. ചക്കരക്കൽ സ്വദേശിക്ക് 68,199 രൂപയാണ് നഷ്ടമായത്. പരാതിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെ പരാതിക്കാരന്റെ ക്രെഡിറ്റ് കാർഡിൽനിന്നും പണം നഷ്ടപ്പെടുകയായിരുന്നു.ചക്കരക്കൽ സ്വദേശിനിക്ക് 19,740 രൂപ നഷ്ടമായി. വാട്സ് ആപ് വഴി പാർട്ട് ടൈം ജോലി ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്കിയ ശേഷം പറ്റിക്കുകയായിരുന്നു. മറ്റൊരു കേസിൽ കണ്ണൂർ ടൗൺ സ്വദേശിക്ക് 9001രൂപ നഷ്ടമായി. പരാതിക്കാരിയെ എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഓഫിസിൽ നിന്നെന്ന വ്യാജേന വിളിക്കുകയും ഡി-ആക്ടിവേറ്റ് ചെയ്യാനെന്ന ഡെബിറ്റ് കാർഡിന്റെ വിവരങ്ങളും ഒ.ടി.പിയും കരസ്ഥമാക്കി പണം തട്ടിയെടുക്കുകയായിരുന്നു.ഒ.എൽ.എക്സിൽ പരസ്യം കണ്ട് മൊബൈൽ ഫോൺ വാങ്ങുന്നതിനായി വാട്സ് ആപ് വഴി ചാറ്റ് ചെയ്ത് അഡ്വാൻസ് ആയി പണം നല്കിയ കണ്ണൂർ സ്വദേശിക്ക് 26000 രൂപയും നഷ്ടപ്പെട്ടു. സുഹൃത്തെന്ന വ്യാജേന ഫേസ്ബുക്ക് വഴി ബന്ധപ്പെട്ട് വളപട്ടണം സ്വദേശിയുടെ 25,000 രൂപ തട്ടി.സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകൾ സൈബർ കുറ്റകൃത്യങ്ങളെ പറ്റി നിരന്തരം ജാഗ്രത പുലർത്തണമെന്ന് സൈബർ പൊലീസ് അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ അറിയിക്കാം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.