സംരംഭകർക്ക് വഴികാട്ടിയായി വ്യവസായ വകുപ്പിന്റെ ഹെൽപ് ഡെസ്‌ക്

Share our post

സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന യുവ ജനങ്ങൾക്കായി കൃത്യമായ മാർഗ നിർദേശങ്ങളും സഹായങ്ങളും നൽകി വ്യവസായ വാണിജ്യ വകുപ്പ്. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ വകുപ്പ് ഒരുക്കിയ സംരംഭകർക്കുള്ള ഹെൽപ് ഡെസ്‌കിൽ സർക്കാരിന്റെ വിവിധ പദ്ധതികളായ നാനോ യൂണിറ്റുകൾക്കായുള്ള മാർജിൻ മണി ഗ്രാൻഡ്, പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി, സംരംഭക സഹായ പദ്ധതി, ആശ, പി എം എഫ് എം ഇ, ഒരു കുടുംബം ഒരു സംരംഭം പദ്ധതി തുടങ്ങിയ നിരവധി പദ്ധതികളും സംരംഭങ്ങളും ആരംഭിക്കാൻ ആവശ്യമായ മാർഗ നിർദേശങ്ങളുമാണ് നൽകുന്നത്.

സംരംഭം ആരംഭിക്കാൻ ആവശ്യമായ ലൈസൻസുകൾ, വ്യവസായ വകുപ്പ് വഴി നൽകുന്ന ലൈസൻസുകൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി ലഭിക്കാൻ സഹായിക്കുന്ന ഓൺലൈൻ ഏകജാലക സംവിധാനം കെ സ്വിഫ്റ്റ്, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന നിയമങ്ങൾക്ക് കീഴിൽ വരുന്ന ചില അനുമതികൾ മൂന്നുവർഷത്തേക്ക് ഒഴിവാക്കിക്കൊണ്ടുള്ള കെ സ്വിഫ്റ്റ് അക്നോളജ്‌മെന്റ് സർട്ടിഫിക്കേഷൻ തുടങ്ങിയ വിവരങ്ങൾ നൽകിക്കൊണ്ട് സംരംഭകർക്കുള്ള ബോധവൽകരണം നൽകുകയാണ് വ്യവസായ വാണിജ്യ വകുപ്പ്. കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ സംരംഭകർക്കായി നൽകുന്ന സി എം സ്പെഷ്യൽ അസിസ്റ്റന്റ് സ്‌കീം, ടേം ലോൺ, യന്ത്ര സാമഗ്രികൾ വാങ്ങുന്നതിനുള്ള വായ്പ, കോർപറേറ്റ് ലോൺ, സീഡ് ഫണ്ട് പദ്ധതി തുടങ്ങിയ വിവിധ ലോൺ സ്‌കീമുകളെക്കുറിച്ചും വിശദവിവരങ്ങൾ ഇവിടെ നിന്ന് ലഭിക്കും. വ്യവസായ വാണിജ്യ വകുപ്പ് തയ്യാറാക്കിയ സംരംഭകർക്കുള്ള കൈ പുസ്തകത്തിൽ സംരംഭകർക്ക് ആവശ്യമായ നിരവധി സേവനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും സംരംഭകർക്കായുള്ള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങളും വ്യക്തമാക്കുന്നുണ്ട്. ആറ് ദിവസങ്ങളിലായി നാനൂറിലധികം യുവജനങ്ങളാണ് സംരംഭക സഹായങ്ങൾക്കായി സ്റ്റാളിൽ എത്തിച്ചേർന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!