സേനയ്ക്ക് സല്യൂട്ട്, ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു’; പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സേനകൾക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി സേനകളുടെ അസാമാന്യ ധൈര്യത്തെയും പ്രകടനത്തെയും പ്രശംസിച്ചു. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായ എല്ലാവർക്കും അഭിവാദ്യമെന്നും മോദി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. പഹൽഗാം ഭീകരാക്രമണം തന്നെ വ്യക്തിപരമായി വേദനിപ്പിച്ചു. പുരുഷന്മാർ സ്വന്തം മക്കളുടെയും ഭാര്യമാരുടെയും മുന്നിൽ മരിച്ചുവീണു. ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടി. ഇന്ത്യയുടെ ശക്തി വെളിപ്പെടുത്തി. സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം തങ്ങൾ നൽകി. എല്ലാ ഭീകരരും സിന്ദൂർ എന്താണെന്ന് അറിഞ്ഞു. പാകിസ്താനിലെ തീവ്രവാദികളുടെ കേന്ദ്രങ്ങൾ തകർത്തു. തീവ്രവാദികളുടെ മണ്ണിലാണ് തങ്ങൾ മറുപടി നൽകിയത്. ഇന്ത്യയുടെ ഡ്രോണുകൾ ഭീകര കേന്ദ്രങ്ങൾ തകർത്തു. തീവ്രവാദികൾ ഒരിക്കലും പ്രതീക്ഷിക്കാത്ത അടിയാണ് നൽകിയത്. തീവ്രവാദികൾ നമ്മുടെ സഹോദരിമാരുടെ സിന്ദൂരമാണ് മായ്ച്ചുകളഞ്ഞത്. സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി പ്രതികാരം തങ്ങൾ ചെയ്തുവെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.