കൊട്ടിയൂർ വൈശാഖോത്സവം; പ്രക്കൂഴം ചടങ്ങുകൾ നടത്തി

കൊട്ടിയൂർ : വൈശാഖോത്സവത്തിന്റെ തീയതിയും ചടങ്ങുകളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടന്നു. കാക്കയങ്ങാട് പാല പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽനിന്ന് അവിൽ എഴുന്നള്ളിച്ച് എത്തിച്ചതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. മാലൂർപ്പടി ക്ഷേത്രത്തിൽനിന്ന് നെയ്യും എഴുന്നള്ളിച്ചെത്തിച്ചു. ഇക്കരെ കൊട്ടിയൂർ ക്ഷേത്രനടയ്ക്ക് താഴെ ആയില്യാർക്കാവിന്റെ പ്രവേശനകവാടത്തിന് സമീപത്തായി തണ്ണീർക്കുടി ചടങ്ങ് നടത്തി. ഒറ്റപ്പിലാൻ, കാടൻ, പുറങ്കലയൻ, കൊല്ലൻ, ആശാരി എന്നീ സ്ഥാനികർ ചേർന്നാണ് ചടങ്ങ് നടത്തിയത്. പിന്നീട് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൻ്റെ കിഴക്കേനടയായ മന്ദംചേരിയിൽ ബാവലിപ്പുഴക്കരയിൽ തണ്ണീർക്കുടി ചടങ്ങ് പൂർത്തീകരിച്ചു. കുത്തോട് മണ്ഡപത്തിൽ സമുദായിയുടെ സാന്നിധ്യത്തിൽ ശ്രീ വത്സൻ നമ്പൂതിരി അവിൽ അളന്നു. ഇക്കരെ ക്ഷേത്രം ശ്രീകോവിലിന് മുന്നിൽ നെല്ലളവും നടത്തി.