നിരത്തുകളില്‍ വാഹനങ്ങള്‍ നിറയുന്നു; രജിസ്‌ട്രേഷൻ 1.82 കോടി കടന്നു

Share our post

കണ്ണൂർ: കഴിഞ്ഞ സാമ്പത്തിക വർഷം 7.83 ലക്ഷം പുതിയ വാഹനങ്ങള്‍ കൂടി രജിസ്റ്റർ ചെയ്തതോട കേരളത്തിലെ മൊത്തം വാഹന രജിസ്ട്രേഷൻ 1.82 കോടി കടന്നു. ഇതോടെ വാഹന സാന്ദ്രതയില്‍ കേരളം രാജ്യത്ത് നാലാം സ്ഥാനത്തെത്തി. ആയിരം പേർക്ക് 702 വാഹനങ്ങളുമായി ചണ്ഡിഗഡാണ് വാഹന സാന്ദ്രതയില്‍ മുന്നിലുള്ളത്. ആയിരം പേർക്ക് 521 വാഹനങ്ങളുമായി പുതുച്ചേരി രണ്ടാം സ്ഥാനത്തും. 476 വാഹനങ്ങളുമായി ഗോവയും തൊട്ടു പിന്നിലുണ്ട്. ആയിരം പേർക്ക് 425 എന്ന അനുപാതത്തിലാണു കേരളത്തിലെ വാഹന സാന്ദ്രത. ഉത്തർ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത് – 5.07 കോടി. 3.96 കോടി വാഹനങ്ങളുമായി തൊട്ടടുത്തു മഹാരാഷ്‌ട്രയുമുണ്ട്. എന്നാല്‍, ഈ സംസ്ഥാനങ്ങളില്‍ ജനസംഖ്യ കൂടുതലുള്ളതിനാലാണ് വാഹന സാന്ദ്രതയില്‍ മുന്നിലെത്താത്തത്.

തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളാണു കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തില്‍ പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തതില്‍ മുന്നിലുള്ളത്. തിരുവനന്തപുരത്തു 32,399 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു. 2023-24ല്‍ 33,061ഉം 2022-23ല്‍ 33,091 വാഹനങ്ങളും നിരത്തിലിറങ്ങി. എറണാകുളത്ത് 2024-25ല്‍ 24,640, 2023-24ല്‍ 24,932, 2022-23ല്‍ പുതുതായി 25,703, കോഴിക്കോട് ജില്ലയില്‍ 2024-25ല്‍ 18,978, 2023-24ല്‍ 19,219, 2022-23ല്‍ 19,242 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു.പൊതു ഗതാഗതത്തില്‍ നിന്നു ജനങ്ങള്‍ അകന്ന് ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പ്രവണത കൂടിയതാണ് വാഹന രജിസ്ട്രേഷൻ വർധിക്കാൻ കാരണമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. അഞ്ചു വർഷത്തിനുള്ളില്‍ രണ്ടു കോടിയിലധികം പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണു കരുതുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!