പുതിയ ഇടയനെ കാത്ത് കത്തോലിക്ക സഭ; കോൺക്ലേവിന് തുടക്കം

Share our post

റോം: കത്തോലിക്ക സഭയുടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചടങ്ങുകൾക്ക് തുടക്കം. സിസ്റ്റെയ്ൻ ചാപ്പലിനുള്ളിൽ നടക്കുന്ന കോൺക്ലേവിൽ വെച്ചാണ് വോട്ടിങ് നടക്കുന്നത്. ആദ്യ റൗണ്ട് വോട്ടെടുപ്പ് ഉടനെ ആരംഭിക്കും. 10.30 ഓടെ ഫലം പുറത്തുവിടുമെന്നാണ് റിപ്പോർട്ട്. വോട്ടവകാശമുള്ള 133 കർദിനാൾമാരാണ് വോട്ട് രേഖപ്പെടുത്തുന്നത്. 89 വോട്ടുകൾ ലഭിക്കുന്ന കർദിനാളായിരിക്കും അടുത്ത ഇടയനായി തിരഞ്ഞെടുക്കപ്പെടുക. പാപ്പയെ തിരഞ്ഞെടുത്താൽ ചിമ്മിനിയിൽനിന്ന് വെളുത്ത പുക ഉയരും. തിരഞ്ഞെടുപ്പിൽ തീരുമാനമായില്ലെങ്കിൽ ബാലറ്റുകൾ കത്തിക്കുമ്പോൾ അതിൽച്ചേർക്കുന്ന രാസവസ്തുക്കളുടെ പ്രവർത്തനഫലമായി കറുത്ത പുകയും തീരുമാനമായ തിരഞ്ഞെടുപ്പിനുശേഷം വെളുത്ത പുകയുമാകും ചിമ്മിനിയിൽക്കൂടെ പുറത്തുവരിക.

നിലവിലുള്ള കാനോൻ നിയമപ്രകാരം 80 വയസ്സിൽത്താഴെ പ്രായമുള്ള കർദിനാൾമാർക്കാണ് പാപ്പയെ തിരഞ്ഞെടുക്കാൻ വോട്ടവകാശമുള്ളത്‌. ബാലറ്റ് പേപ്പറുകളിൽ ഓരോ സമ്മതിദായകനും മാർപാപ്പയാവുന്നതിന് തങ്ങൾ തിരഞ്ഞെടുത്ത കർദിനാളിന്റെ പേര് എഴുതും. ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് വോട്ട് രേഖപ്പെടുത്തുന്നത്. ബുധനാഴ്ച ഒരു തവണയാണ് വോട്ട് രേഖപ്പെടുത്തുന്നത്. വ്യാഴാഴ്ച മുതൽ ദിവസേന നാല് തവണ വോട്ടെടുപ്പ് നടക്കും. അന്തരിച്ച ഫ്രാൻസിസ് പാപ്പയെ രണ്ടാം ദിവസം അവസാനവട്ട വോട്ടെടുപ്പിലാണ് തിരഞ്ഞെടുത്തത്.

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് തുടക്കംകുറിക്കുന്ന നടപടിക്രമങ്ങളിൽ കർദിനാൾ മാർ ജോർജ് കൂവക്കാടിനാണ് പ്രധാന ചുമതല. മൂന്ന് പ്രധാന ചുമതല വഹിക്കുന്ന ഒൻപത് കർദിനാൾമാരെ തിരഞ്ഞെടുത്തത് ഇദ്ദേഹമാണ്. വോട്ടുകൾ എണ്ണുന്ന മൂന്ന്‌ കർദിനാൾമാർ, രോഗംകാരണം സന്നിഹിതരാകാൻ കഴിയാത്തവരിൽനിന്ന്‌ ബാലറ്റ് ശേഖരിക്കുന്ന മൂന്ന്‌ കർദിനാൾമാർ, വോട്ടെണ്ണലിന്റെ കൃത്യത പരിശോധിക്കുന്ന മൂന്ന്‌ കർദിനാൾമാർ എന്നിവരെയാണ് മാർ ജോർജ് കൂവക്കാട് തിരഞ്ഞെടുക്കുക. കോൺക്ലേവ് നടക്കുന്ന വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിന്റെ വാതിലുകൾ തുറക്കുന്നതും അടയ്ക്കുന്നതും മാർ കൂവക്കാടിന്റെ മേൽനോട്ടത്തിലാകും


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!