ഡോക്ടർമാരുടെ വ്യാജ കുറിപ്പുണ്ടാക്കി മയക്കുമരുന്ന് ഗുളിക വിൽപ്പന; യുവാവ് പിടിയിൽ

പാപ്പിനിശേരി: മയക്കുമരുന്ന് ഗുളികകളുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. പുതിയങ്ങാടി ഷാദുലി പള്ളിക്ക് സമീപം പാലക്കോടൻ വീട്ടിൽ പി ഫിറാഷി (33)നെയാണ് പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പാപ്പിനിശേരി എക്സൈസ് സംഘം അറസ്‌റ്റുചെയ്തത്. മയക്കുമരുന്ന് ഗുളികകളായ നിട്രോസൺ 10, ട്രമഡോൾ എന്നിവ പിടിച്ചെടുത്തു. നിട്രോസൺ 71 എണ്ണവും ട്രമഡോൾ 99 എണ്ണവും പിടികൂടിയിട്ടുണ്ട്. ഡോക്ടർമാരുടെ കുറിപ്പടി വ്യാജമായുണ്ടാക്കി മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളിലെ മെഡിക്കൽ സ്റ്റോറുകളിൽ നിന്നാണ് ഇയാൾ ഗുളിക തരപ്പെടുത്തുന്നത്. മംഗളൂരുവിലെ ഡോക്ടറുടെ കുറിപ്പടിയാണ് നൽകിയതിൽ ഭൂരിഭാഗവും. ഡോക്ടറുടെ പങ്കും എക്സൈസ് സംഘം അന്വേഷിക്കുമെന്നാണ് സൂചന. പ്രതിദിനം പതിനഞ്ചിലേറെ ഗുളികകൾ ഫിറാഷ് ഉപയോഗിക്കാറുണ്ടത്രേ. വർഷങ്ങളായി വിൽപ്പന നടത്തുന്നുണ്ട്. ഏറെ നാളായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു. ട്രെയിൻ വഴിയാണ് ഗുളിക എത്തിക്കുക. ഓൺലൈനിലാണ് ആവശ്യക്കാർ ബന്ധപ്പെടുക. ആവശ്യാനുസരണം പായ്ക്ക് ചെയ്ത് മരുന്ന് എന്ന നിലയിൽ സ്റ്റിക്കർ പതിച്ചാണ് കൊണ്ടുവരിക. റെയിൽവേ സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് വിതരണം. ഓരോ സ്റ്റേഷനിലും ഇയാളുടെ സംഘാംഗങ്ങൾ കാത്തിരിക്കും. ട്രെയിൻ സ്റ്റേഷനിലെത്തിയാൽ ഇറങ്ങാതെ ഗുളിക കൈമാറും. വിതരണം പൂർത്തിയായാൽ അടുത്ത സ്റ്റേഷനിലിറങ്ങി മംഗളൂരുവിലേക്ക് തിരിച്ചുപോകുകയാണ് പതിവ്. ട്രെയിൻ കടന്നുപോകാത്ത ഇടങ്ങളിലേക്ക് ആഡംബര കാറുകളിലാണ് എത്തിക്കുക. പാപ്പിനിശേരി, മാട്ടൂൽ, പുതിയങ്ങാടി, മാടായി, പയ്യന്നൂർ എന്നിവിടങ്ങളിൽ ഗുളിക വിതരണത്തിന് സംഘങ്ങളുണ്ട്. സ്കൂൾ, കോളേജ് കുട്ടികൾക്കും നൽകാറുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. ആദ്യം പൈസ വാങ്ങാതെയാണ് പലർക്കും ഗുളിക നൽകിയത്. ലഹരിക്കടിപ്പെടുന്നതോടെ സ്വാധീനം ചെലുത്തി കുട്ടികളെ വിൽപ്പനക്ക് ഉപയോഗിക്കുകയാണ്. ഫിറാഷിനെ പിടിച്ചതറിയാതെ നിരവധി യുവാക്കളും യുവതികളും ഗുളികക്കായി ഫോണിലേക്ക് വിളിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ഊർജിത അന്വേഷണത്തിലാണ് എക്സൈസ് സംഘം. ഇൻസ്‌പെക്ടർ പി സന്തോഷ് കുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം പി സർവജ്ഞൻ, കെ രാജീവൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വി പി ശ്രീകുമാർ, പി പി രജിരാഗ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ സനീബ്, കെ അമൽ എന്നിവരും ഉണ്ടായിരുന്നു.