India
വിവിധ ജില്ലകളിൽ നാളെ മുന്നറിയിപ്പുമായി സൈറൺ മുഴങ്ങും, സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം; പരിഭ്രാന്തി വേണ്ട

ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ – പാക് ബന്ധം കൂടുതല്‍ മോശമാകുമ്പോൾ സംഘർഷത്തിന് തയ്യാറെടുക്കാനുള്ള നിർദേശം നൽകി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര സർക്കാർ യോഗം ഇന്ന് നടക്കും. ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനുൾപ്പടെയുള്ള വഴികൾ യോഗം വിലയിരുത്തും. പാകിസ്ഥാനി ഹാക്കർമാർ പ്രതിരോധ സ്ഥാപനങ്ങളിൽ കടന്നു കയറിയതിൽ കേന്ദ്രത്തിന് കടുത്ത ആശങ്കയുണ്ട്. പല സ്ഥാപനങ്ങളിലും സൈബർ ആക്രമണം ചെറുക്കാനായെന്നാണ് ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്.
കഴിഞ്ഞ മാസത്തെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ, ഫലപ്രദമായ സിവിൽ ഡിഫൻസിനായി നാളെ മോക്ഡ്രിൽ നടത്താൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രില്ലിന്‍റെ ഭാഗമായി, വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴക്കുകയും ശത്രുതാപരമായ ആക്രമണമുണ്ടായാൽ സ്വയം എങ്ങനെ സംരക്ഷിക്കാമെന്ന് സാധാരണക്കാരെയും വിദ്യാർത്ഥികളെയും പരിശീലിപ്പിക്കുകയും ചെയ്യും.
സുപ്രധാന പ്ലാന്‍റുകളും സ്ഥാപനങ്ങളും നേരത്തേ മറയ്ക്കുന്നതിനും, രാത്രിയിൽ ലൈറ്റുകൾ പൂർണ്ണമായി ഓഫ് ചെയ്യുന്നതിനുമുള്ള വ്യവസ്ഥകളും ഉണ്ടാകും. സംസ്ഥാനങ്ങളോട് അവരുടെ ഒഴിപ്പിക്കൽ പദ്ധതി പുതുക്കാനും പരിശീലനം നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മോക്ഡ്രില്ലിൽ കുറഞ്ഞത് 244 സിവിൽ ജില്ലകളെങ്കിലും പങ്കെടുക്കും. മോക്ഡ്രില്ലിന്റെ തയാറെടുപ്പുകൾ വിലയിരുത്തുന്നതിനായിട്ടാണ് ഹോം സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം വിളിച്ചിട്ടുള്ളത്. മിക്ക സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ വീഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്കെടുക്കും.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA), ദേശീയ ദുരന്ത പ്രതികരണ സേന (NDRF), റെയിൽവേ ബോർഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും എയർ ഡിഫൻസ് പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ തുടർച്ചയായി അതിർത്തി കടന്നുള്ള വെടിവയ്പ്പ് നടത്തുന്നതിനിടയിലാണ് സംസ്ഥാനങ്ങൾക്ക് സുരക്ഷാ ഡ്രിൽ ഉപദേശം നൽകിയത്. കഴിഞ്ഞ 11 രാത്രികളായി, നിയന്ത്രണ രേഖയിൽ (LoC) പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തുകയും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്യുന്നുണ്ട്.
ജമ്മു കശ്മീരിലെ പഹൽഗാമിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകരർ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയും ഒരു നേപ്പാളി പൗരൻ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടതിനും പിന്നാലെയാണ് ഈ സംഭവവികാസങ്ങൾ. 2019 ലെ പുൽവാമയിലെ സിആർപിഎഫ് ജവാന്മാരുടെ ആക്രമണത്തിന് ശേഷം കശ്മീർ താഴ്‌വരയിലുണ്ടായ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്ഥാൻ പ്രതിരോധം ശക്തമാക്കുകയും അതിർത്തിയിലെ പോസ്റ്റുകൾ ബലപ്പെടുത്തുകയും ഇന്ത്യയുടെ സൈനിക നടപടി പ്രതീക്ഷിച്ചു മിസൈൽ പരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.
India
ആദ്യ മലയാളി ഹജ്ജ് തീർഥാടകരെത്തി, മക്കയിൽ ഊഷ്മള സ്വീകരണം

റിയാദ്: ഈ വർഷത്തെ ഹജ്ജിനുള്ള ആദ്യ മലയാളി തീർഥാടക സംഘം മക്കയിലെത്തി. ശനിയാഴ്ച രാത്രി 10ന് ഇൻഡിഗോ വിമാനത്തിൽ കോഴിക്കോട് നിന്ന് പുറപ്പെട്ട 126 തീർഥാടകരാണ് ഞായറാഴ്ച പുലർച്ചെ ഒന്നിന് ജിദ്ദയിൽ ഇറങ്ങിയ ശേഷം ബസിൽ രാവിലെ ആറോടെ മക്കയിലെത്തിയത്. അൽഹിന്ദ് ഹജ്ജ് ഗ്രൂപ്പിന് കീഴിൽ എത്തിയ തീർഥാടകരെ ബസ് മാർഗം മക്കയിലെത്തിച്ചു. മലയാളി സന്നദ്ധ പ്രവർത്തകർ മക്കയിൽ ഊഷ്മള വരവവേൽപ് നൽകി. മധുരവും സമ്മാനങ്ങളും നൽകിയാണ് ഹാജിമാരെ തീർഥാടകർക്കൊരുക്കിയ താമസസ്ഥലത്ത് സ്വീകരിച്ചത്. അപ്രത്രീക്ഷിത സ്വീകരണം ഹാജിമാരെ സംതൃപ്തരാക്കി. ഹോട്ടലിൽ അൽപ്പം വിശ്രമിച്ച ശേഷം സംഘം മസ്ജിദുൽ ഹറാമിലെത്തി ഉച്ചയോടെ ഉംറ നിർവഹിച്ചു. വരും ദിനങ്ങളിൽ ഹാജിമാർ മസ്ജിദുൽ ഹറാമിൽ നമസ്കാരവും പ്രാർഥനയുമായി കഴിയും. മക്കയിലെ വിവിധ ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കും.
സ്വകാര്യ ഗ്രൂപ്പിൽ എത്തിയ ഹാജിമാരിൽ ഭൂരിഭാഗവും ഹജ്ജിനു മുമ്പ് മദീന സന്ദർശനം പൂർത്തിയാക്കും. ഹജ്ജിന് ശേഷം ജിദ്ദ വഴിയാകും മടക്കം. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള തീർഥാടകർ ഈ മാസം 10 മുതൽ ജിദ്ദ വഴി എത്തും. ഹജ്ജിന് ശേഷം മദീന വഴിയാകും ഇവർ മടങ്ങുക. മക്കയിൽ ഹാജിമാർക്ക് വേണ്ട മുഴുവൻ ഒരുക്കവും ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ പൂർത്തിയായിട്ടുണ്ട്. ആദ്യ സംഘത്തെ സ്വീകരിക്കാൻ കെ.എം.സി.സി നാഷനൽ ഹജ് കമ്മിറ്റി ജനറൽ കൺവീനർ മുജീബ് പൂകോട്ടൂർ, സുലൈമാൻ മാളിയേക്കൽ, നാസർ കിൻസാറ, മുസ്തഫ മുഞ്ഞക്കുളം, കുഞ്ഞാപ്പ പൂക്കോട്ടൂർ, എം.സി. നാസർ, സക്കീർ കാഞ്ഞങ്ങാട്, സിദ്ധിഖ് കൂട്ടിലങ്ങാടി, സമീർ കൊട്ടുകര എന്നിവർ നേതൃത്വം നൽകി.
India
സോഷ്യൽ മീഡിയയിലെ പ്രചാരണം തള്ളി സി.ബി.എസ്.ഇ ബോർഡ്, 10, 12 ക്ലാസുകളിലെ ഫലം ഇന്നില്ല

ദില്ലി : 10, 12 ക്ലാസുകളിലെ ഫലം ഇന്നുണ്ടാകുമെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെയുണ്ടായ പ്രചാരണം തള്ളി സിബിഎസ്ഇ ബോർഡ്. 10, 12 ക്ലാസുകളിലെ ഫലം അടുത്ത ആഴ്ചയോടെയാകും പ്രഖ്യാപിക്കുകയെന്ന് സിബിഎസ്ഇ അറിയിച്ചു. റിസൾട്ട് വരുന്ന തീയതി മുൻകൂട്ടി പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും ഇന്ന് സിബിഎസ്ഇ ഫല പ്രഖ്യാപനമെന്ന രീതിയിൽ പ്രചാരണമുണ്ടായതിനെ തുടർന്നാണ് വിശദീകരണം. വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.
India
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം; 106 ടെലിഗ്രാം അക്കൗണ്ടുകൾ കണ്ടെത്തി

ന്യൂഡൽഹി : നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന 106 ടെലിഗ്രാം അക്കൗണ്ടുകളും 16 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) കണ്ടെത്തിയതായി വിവരം. ചോദ്യപേപ്പർ ചോർന്നെന്നും മറ്റുമുള്ള ഓൺലൈനിൽ പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ സംബന്ധിച്ച ആശങ്കകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പരിശോധന നടന്നത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് വിഷയം അന്വേഷിക്കുന്നത്. നേരത്തെ, നീറ്റുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ നടത്തുന്ന വ്യക്തികളെ സംബന്ധിച്ച് അറിയിപ്പ് നൽകാൻ പൊതുജനങ്ങളോട് അഭ്യർഥിച്ച് എൻടിഎ ഒരു പ്രത്യേക പോർട്ടൽ ആരംഭിച്ചിരുന്നു. ഇതുവരെ, ഏകദേശം 1,500 റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. അവയിൽ ഭൂരിപക്ഷവും ടെലിഗ്രാം ചാനലുകളുമായി ബന്ധിപ്പെട്ടുള്ളതാണ്. സംശയാസ്പദമായ കാര്യങ്ങൾ നാലാം തീയതി വൈകീട്ട് 5 മണിവരെ റിപ്പോർട്ട് ചെയ്യാം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്