കുടുംബശ്രീ മത്സരപരീക്ഷാ പരിശീലനം; പട്ടികവർഗത്തിലെ 113പേർക്ക് സർക്കാർജോലിയായി

തിരുവനന്തപുരം: കുടുംബശ്രീ പിന്തുണയിൽ പട്ടികവർഗ വിഭാഗത്തിൽനിന്ന് സർക്കാർ, അർധ സർക്കാർ മേഖലയിൽ ജോലി നേടിയത് 113 പേർ. എൽഡി ക്ലർക്ക്, പൊലീസ്, ഫോറസ്റ്റ് ബീറ്റ് ഓഫീസർ തുടങ്ങിയ തസ്തികകളിലേക്കാണ് അധികം നിയമനങ്ങളും. 364 പേർ വിവിധ റാങ്ക് പട്ടികകളിലുണ്ട്. കുടുംബശ്രീ സംഘടിപ്പിച്ച മത്സരപരീക്ഷാ പരിശീലനങ്ങളിലൂടെയാണ് ഇവർ തയ്യാറെടുത്തത്. 2893 പേർക്കാണ് വിദഗ്ധ പരിലശീലനം നൽകിയത്. പട്ടികവർഗ വിഭാഗക്കാർ കൂടുതലുള്ള ജില്ലകളിൽ പിഎസ്‌സി ഒറ്റത്തവണ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചായിരുന്നു തുടക്കം. ആദ്യഘട്ടത്തിൽ ബിരുദം, പ്ലസ്‌ടു യോഗ്യതയുള്ളവരെയുമാണ് ഉൾപ്പെടുത്തിയത്. പിന്നീട് ബീറ്റ് ഫോറസ്റ്റ് ഓഫീസർ പോലുള്ള തസ്തികകളിലേക്ക് പരിശീലനം ലഭ്യമാക്കി. ജില്ലാമിഷന്റെ നേതൃത്വത്തിലും സ്വകാര്യകേന്ദ്രങ്ങളുമായി ചേർന്നും അതത് കുടുംബശ്രീ സിഡിഎസുകളുടെ പിന്തുണയോടെയാണ് പ്രവർത്തനം.