ചാലാടും പള്ളിക്കുന്നും തെരുവ് നായകളുടെ ആക്രമണം; പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 13 പേർക്ക് കടിയേറ്റു

കണ്ണൂർ: ചാലാടും പള്ളിക്കുന്നും തെരുവ് നായകളുടെ ആക്രമണത്തിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 13 പേർക്ക് കടിയേറ്റു. ചാലാട് – മണൽ ഭാഗത്ത് ഇന്ന് കാലത്ത് ഒമ്പത് മണിയോടെ തെരുവ് നായയുടെ പരാക്രമത്തിൽ മണലിലെ ചിറമ്മൽ ജിജിലിന്റെ മകൻ എയ്ഡൻ (4), ചാലാട് അൽ ഫലാഹിൽ കെ എൻ റയാൻ (10), ഇറ (12) എന്നിവർക്കും ധരുൺ ( 40), മുഹമ്മദലി (70), കമറുദീൻ (88) എന്നിവർക്കുമാണ് കടിയേറ്റത്. ഇവരെ കൂടാതെ മറ്റ് നിരവധി പേർക്ക് കടിയേറ്റതായും പറയുന്നു. കടിച്ച പട്ടിയെ ചത്ത നിലയിൽ കണ്ടെത്തി. പള്ളിക്കുന്ന് തയ്യിൽ കുളത്തിന് സമീപം ഇന്നലെയാണ് നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റത്. പ്രദേശവാസികളായ കലാവതി (51), അനിൽകുമാർ (50), ജീവ (15), തമിഴ്നാട് സ്വദേശിനിയായ ദേവിക (55) എന്നിവർക്ക് നേരെയാണ് തെരുവുനായ ആക്രമണമുണ്ടായത്.
ഇന്നലെ രാവിലെ ജോലിസ്ഥലത്തേക്ക് നടന്ന് പോകവേയാണ് കലാവതിയെ തെരുവുനായ ആക്രമിച്ചത്.സാരി ഉൾപ്പെടെ നായ കടിച്ചുകീറി. വീടിന് സമീപത്ത് നിന്ന് ബൈക്ക് നന്നാക്കുകയായിരുന്ന അനിൽകുമാറിനെ പുറകിൽ നിന്നെത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു. കാലിന് പരിക്കേറ്റു. രാവിലെ വീട്ടിൽ നിന്നും ജോലിക്ക് പോകുന്നതിനിടെയാണ് തമിഴ്നാട് സ്വദേശിനിയായ ദേവികയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. വൈകുന്നേരം പൊടിക്കുണ്ടിലേക്ക് മീൻവാങ്ങാനായി പോയപ്പോഴാണ് അനിൽകുമാറിന്‍റെ മകൻ ജീവയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. കടിയേറ്റ നാലുപേരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കൗൺസിലർ വി കെ ഷൈജുവിന്‍റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന്‍റെ പട്ടിപിടുത്തക്കാരെത്തി തെരുവുനായയെ പിടികൂടി. പ്രദേശത്ത് തെരുവുനായ കൂട്ടത്തോടെയെത്തി ആക്രമിക്കുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.