സ്‌ക്രീന്‍ അഡിക്ഷന്‍: രാജ്യത്തെ 50% കുട്ടികളിലും ഹ്രസ്വദൃഷ്ടിക്ക് സാധ്യത, ശ്രദ്ധിക്കേണ്ടത് ഇവ

Share our post

മൊബൈൽ ഫോണിലോ അതുപോലുള്ള ഉപകരണങ്ങളിലോ നോക്കിയിരിക്കുന്നതാണ് ഇന്നത്തെ കാലത്തെ മാതാപിതാക്കളുടെ ഏറ്റവും വലിയ തലവേദന. സ്ക്രീൻ അഡിക്ഷൻ പല രീതിയിലാണ് കുട്ടികളെ ബാധിക്കുന്നത്. അമിതവണ്ണം, ഹൃദ്രോ​ഗം, ടൈപ്പ് 2 പ്രമേഹം എന്നീ പ്രശ്നങ്ങൾക്ക് ഒരുതരത്തിൽ സ്ക്രീൻ കാരണമായേക്കാമെന്ന് നേരത്തെ കണ്ടെത്തലുകളുണ്ട്. ഇപ്പോഴിതാ, ഇത്തരം ഉപകരണങ്ങളുടെ അമിത ഉപയോ​ഗം കുട്ടികളിൽ ഹ്രസ്വദൃഷ്ടിക്ക് കാരണമായേക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ആവശ്യമായ നടപടികളുണ്ടായിട്ടില്ലെങ്കിൽ 2050-ഓടെ ഇന്ത്യയിലെ കുട്ടികളിൽ 50 ശതമാനം പേർക്ക് വരെ ഹ്രസ്വദൃഷ്ടിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. മഹാരാഷ്ട്ര നാ​ഗ്പുരിൽ നടന്ന ഒരു ബോധവത്ക്കരണ പരിപാടിക്കിടെ അസോസിയേഷൻ ഓഫ് കമ്മ്യൂണിറ്റി ഒഫ്താൽമോളജിസ്റ്റ്സ് ഓഫ് ഇന്ത്യയിലെ ഡോക്ടർമാരാണ് ഇക്കാര്യം വ്യക്തമാക്കിയത്.ജീവിതശൈലി രോ​ഗങ്ങൾ കാരണം ഇത്തരം കേസുകളിൽ വലിയതോതിൽ വർധനവുണ്ടെന്നാണ് നേത്രരോഗവിദഗ്ദ്ധർ പറയുന്നത്. ഡിജിറ്റൽ ഉപകരണങ്ങളുടെ വ്യാപകമായ ഉപയോ​ഗമാണ് ഇതിന് കാരണം. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ സ്കൂൾ കുട്ടികളിൽ ഏകദേശം 23 ശതമാനം പേർ‌ക്ക് ഹ്രസ്വദൃഷ്ടിയുണ്ട്. ദീർഘനേരം ഡിജിറ്റൽ ഉപകരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കണ്ണുകളുടെ സ്വാഭാവിക വളർച്ചാപ്രക്രിയയെ തടസ്സപ്പെടുത്തുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇത് ഐ ബോളിന്റെ നീളം കൂടുന്നതിനും പ്രകാശം റെറ്റിനയിൽ നേരിട്ട് പതിക്കുന്നതിന് പകരം അതിന് മുന്നിൽ കേന്ദ്രീകരിക്കാനും ഇടയാക്കുന്നു. ഇതോടെ, ദൂരക്കാഴ്ച മങ്ങുന്നതിനുള്ള സാധ്യത വർധിക്കും.

കുട്ടികൾ ദീർഘനേരം ​സ്ക്രീനിനുമുന്നിലിരിക്കുന്നത് ഒഴിവാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്

  • ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോ​ഗം പഠനം പോലെയുള്ള അത്യാവശ്യ കാര്യങ്ങളിലേക്ക് പരിമിതപ്പെടുത്തുക. വിനോദത്തിനായി മൊബൈൽ ഉപയോ​ഗിക്കുന്നത് ഒഴിവാക്കുക.
  • കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കുട്ടികൾ പുറത്ത് കളിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
  • വായന, പഠനം എന്നിങ്ങനെ കണ്ണിന് സ്ട്രെയിൻ ഉണ്ടാക്കിയേക്കാവുന്ന കാര്യങ്ങൾക്ക് അത് ഒഴിവാക്കുന്നതിന് മതിയായ വെളിച്ചം ഉറപ്പുവരുത്തുക.
  • കാഴ്ചയിൽ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും കൃത്യമായ ഇടവേളകളിൽ നേത്രപരിശോധന നടത്തുക.
  • ആവശ്യത്തിന് ഉറക്കം, പോഷകസമ്പന്നമായ ഭക്ഷണരീതി എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!