Kerala
കേരളത്തില്‍ ലൈസന്‍സ് പരീക്ഷ കടുപ്പം; ഒരു ഫോട്ടോയും രണ്ട് ഒ.ടി.പിയും ആയാല്‍ കര്‍ണാടക ലൈസന്‍സ് റെഡി

റോഡ് നിയമങ്ങള്‍ പഠിച്ചെഴുതേണ്ട. എച്ചും എട്ടും എടുക്കേണ്ട. രണ്ട് ‘ഒടിപി’യില്‍ കര്‍ണാടക ഡ്രൈവിങ് ലൈസന്‍സ് റെഡി. കേരളത്തില്‍ നിന്നുള്ളവര്‍ കര്‍ണാടകയിലെത്തി ഡ്രൈവിങ് ലൈസന്‍സ് എളുപ്പത്തില്‍ എടുക്കുന്നുവെന്നത് പുതിയ കാര്യമല്ല. എന്നാല്‍ അടുത്തകാലത്ത് ഇത് വന്‍തോതില്‍ കൂടുന്നുവെന്നാണ് കേരള മോട്ടോര്‍ വാഹന വകുപ്പ് പുറത്തുവിടുന്ന റിപ്പോര്‍ട്ട്.കര്‍ണാടകയില്‍ താത്കാലിക വിലാസം നല്കി സമ്പാദിക്കുന്ന ലൈസന്‍സ് കേരളത്തിലെ ഒറിജിനല്‍ വിലാസത്തിലേക്ക് മാറ്റാനുള്ള അപേക്ഷ ഓരോ ദിവസവും ഗണ്യമായി കൂടുകയാണ്. ലൈസന്‍സെടുക്കാന്‍ കര്‍ണാടകയിലേക്ക് പോകേണ്ട, ഇടനിലക്കാര്‍ ഇഷ്ടംപോലെയുണ്ട്. പേരും ഫോട്ടോയും ഒപ്പിട്ട അപേക്ഷയും നല്‍കണം. 15 ദിവസത്തിനുള്ളില്‍ മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി വരും. അത് പറഞ്ഞുകൊടുക്കുന്നതോടെ ലേണിങ് പാസായതായി വിവരം വരും. കൃത്യം 30 ദിവസത്തിനുശേഷം മറ്റൊരു ഒടിപി കൂടി കിട്ടും. ഇതു കൈമാറി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഡ്രൈവിങ് ലൈസന്‍സും കിട്ടും.
16,000 രൂപ മുതല്‍ 20,000 രൂപ വരെയാണ് ഇരുചക്രവാഹനത്തിനും നാലുചക്ര വാഹനത്തിനുമൊക്കെ ഈടാക്കുന്നത്. ഇതില്‍ സര്‍ക്കാരിലേക്കടയ്ക്കേണ്ടത് 1350 രൂപ മാത്രമാണ്. കാല്‍ലക്ഷം രൂപ നല്കിയാല് ഹെവി ലൈസന്‍സ് വരെ നല്‍കുന്നുണ്ടെന്ന പരാതിയും ലഭിക്കുന്നുവെന്ന് ഇവിടത്തെ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.പുത്തൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് ഇത്തരത്തില്‍ ഡ്രൈവിങ് ലൈസന്‍സ് കൂടുതലും കിട്ടുന്നതെന്ന പരാതിയുമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലെ വ്യാപക പരാതി ഉയര്‍ന്നപ്പോള്‍, കേരള സര്‍ക്കാര്‍ ഇടപെടുകയും കര്‍ണാടക ഡ്രൈവിങ് ലൈസന്‍സ് നല്കുന്നതില് കാര്യക്ഷമത കാട്ടുകയും ചെയ്തിരുന്നു. അതിനുശേഷം അവിടെനിന്ന് ലൈസന്‍സ് കിട്ടണമെങ്കില്‍ അപേക്ഷകന് പോയി വാഹനം ഓടിച്ചുകാണിക്കണം.
2017-ല്‍ എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രൈവിങ് ലൈസന്‍സ് ഒറ്റ പ്ലാറ്റ്ഫോമിലേക്കു മാറ്റിയതോടെ ഈ കാര്യക്ഷമത കുറഞ്ഞുവന്നു. അടുത്തകാലത്തായി കേരളത്തില്‍ ഡ്രൈവിങ് പരീക്ഷ കര്‍ക്കശമാക്കി. 60 ശതമാനത്തില്‍ കൂടുതല്‍പ്പേര്‍ ജയിക്കുന്നില്ല. ഒന്നും രണ്ടും തവണ തോല്ക്കുന്നതോടെ അപേക്ഷകര്‍ പതിയെ കര്‍ണാടകയിലേക്ക് പോകുന്നു. കഴിഞ്ഞ മൂന്നോ നാലോ മാസത്തിനിടെയാണ് ഇത്തരം അപേക്ഷകരുടെ ഒഴുക്ക് അനിയന്ത്രിതമായത്.ലൈസന്‍സ് അപേക്ഷയില്‍ അവിടത്തെ ലോഡ്ജ് മുറിയുടെയോ മറ്റോ കെട്ടിട നമ്പറിലാണ് വിലാസമാക്കുന്നത്. ലൈസന്‍സ് കിട്ടിയ ഉടന്‍ ഇവിടത്തേക്ക് മാറ്റാന്‍ അപേക്ഷ നല്‍കും. അപേക്ഷകള്‍ കുമിയുന്ന സാഹചര്യത്തില്‍ വാഹനം ഓടിച്ചുകാണിക്കണമെന്ന് പറഞ്ഞുതുടങ്ങിയിട്ടുണ്ട് കേരളത്തിലെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. വാഹനമോടിക്കാന്‍ അടുത്ത ദിവസം വരാമെന്ന് പറഞ്ഞുപോകുന്നവരെ പിന്നെ ആ വഴിക്ക് കാണുന്നില്ലെന്നും പറയുന്നു.
Kerala
സ്കൂള്‍ബസുകള്‍ക്ക് മഞ്ഞനിറം പൂശിയാൽ മാത്രം പോര ; നിര്‍ദേശങ്ങള്‍ പാലിക്കണം

കണ്ണൂര്‍: മധ്യവേനലവധി കഴിഞ്ഞ് സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന തുടങ്ങി. സ്കൂള്‍വാഹനങ്ങളുടെ സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള പരിശോധനയാണ് നടക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 31 സ്കൂള്‍വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയായി. മറ്റ് വാഹനങ്ങളുടെ പരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും.
സ്കൂള്‍ബസുകള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് സ്കൂള്‍ബസുകളുടെ സുരക്ഷാപരിശോധന കര്‍ശനമാക്കിയത്. ‘സേഫ് സ്കൂള്‍ ബസ്’ എന്നപേരിലാണ് പ്രത്യേക പരിശോധന. കൃത്യമായ അറ്റകുറ്റപ്പണി, വൃത്തി, യന്ത്രഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്നിരക്ഷാസംവിധാനം, പ്രഥമശുശ്രൂഷാ കിറ്റ്, ജിപിഎസ് എന്നിവയാണ് പ്രധാനമായും നോക്കുന്നത്. ജില്ലയിലെ സ്കൂള്‍ ബസുകളുടെ പരിശോധന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
സ്കൂള്‍ വാഹനങ്ങള്‍ നിറം സ്വര്‍ണ മഞ്ഞനിറമായിരിക്കണം. ജനാലയ്ക്ക് താഴെ 15 സെന്റീമീറ്റര്‍ വീതിയുള്ള ബ്രൗണ്‍ ബോര്‍ഡ് നിര്‍ബന്ധമാണ്. വേഗപ്പൂട്ട്, സിസിടിവി, സുരക്ഷാവാതിലുകള്‍, വാതിലിന്റെ ഇരുവശവും പിടിച്ചുകയറാനുള്ള കൈവരി എന്നിവയൊരുക്കണം. ബസിന്റെ പിറകുവശത്ത് അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഫോണ്‍ നമ്പര്‍ എഴുതണം. പോലീസ് (100), അഗ്നിരക്ഷാസേന (101), ആംബുലന്‍സ് ((108), ചൈല്‍ഡ് ഹെല്പ് ലൈന്‍ (1098) എന്നിവയാണ് അടിയന്തര ഫോണ്‍നമ്പറുകള്‍.
സ്കൂളിന്റെ പേരും മേല്‍വിലാസവും വാഹനങ്ങളുടെ ചുമതലയുള്ള നോഡല്‍ ഓഫീസറുടെ ഫോണ്‍ നമ്പറും ഇരുവശങ്ങളിലും രേഖപ്പെടുത്തണം. ഗുണനിലവാരമുള്ള ഇരിപ്പിടങ്ങളും സ്കുള് ബാഗ്, കുട എന്നിവ സൂക്ഷിക്കാനുള്ള റാക്കും ബസിലുണ്ടാകണം. സ്കൂള്‍ ബസ് ഡ്രൈവറായി പ്രവര്‍ത്തിക്കാന്‍ കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിങ് പരിചയം നിര്‍ബന്ധമാണ്. പരിശീലനം നേടിയ ആയയോ ഡോര്‍ അറ്റന്‍ഡറോ ബസില്‍ ഉണ്ടാകണം.
പരിശോധന കര്‍ശനമാക്കും -ആര്‍ടിഒ
സ്കൂള്‍ബസുകള്‍ക്ക് മഞ്ഞനിറം പൂശിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കണ്ണൂര്‍ ആര്‍ടിഒ ഇ.എസ്. ഉണ്ണികൃഷ്ണന് അറിയിച്ചു. വാഹനപരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും. ഫിറ്റനസ് സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ റോഡിലിറക്കാന്‍ അനുവദിക്കില്ല.
ബസുകളുടെ ഫിറ്റ്നസ്, കാലപ്പഴക്കം, ബ്രേക്ക്, ചക്രം, ഹെഡ് ലൈറ്റ്, വൈപ്പര്‍, സീറ്റ് ബെല്‍ട്ട് തുടങ്ങിയ മെക്കാനിക്കല്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കാന്‍ ജൂലായ് 31 വരെ സമയം നീട്ടിനല്‍കുമെന്നും ആര്‍ടിഒ അറിയിച്ചു.
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്