സിനിമകളുടെ വ്യാജപതിപ്പ് തപ്പിയിറങ്ങിയാൽ പണികിട്ടും, ലിങ്ക് തുറക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് വ്യാജനും

പത്തനംതിട്ട: ഗൂഗിളിൽ സിനിമകളുടെ വ്യാജപതിപ്പ് തപ്പി ഇറങ്ങുമ്പോൾ സൂക്ഷിക്കുക. ഇക്കാര്യം ശ്രദ്ധിക്കണമെന്ന് വ്യാജ വെബ്സൈറ്റിലും അറിയിപ്പ്. വ്യാജപതിപ്പുകൾ ഇറക്കുന്ന പ്രധാന വെബ്സൈറ്റാണ് തമിഴ്എംവി (പഴയ തമിഴ്റോക്കേഴ്സ്). ഈ വ്യാജന്റെ പേരിൽ ഒട്ടേറെ വ്യാജസൈറ്റുകൾ വേറെയും പ്രത്യക്ഷപ്പെടുന്നുണ്ട്. അത്തരത്തിൽ വ്യാജസൈറ്റുകളിൽ കയറി അബദ്ധം പറ്റരുതെന്നാണ് തമിഴ്എംവി സൈറ്റിലും അറിയിപ്പ് നൽകിയിരിക്കുന്നത്.നിലവിൽ സിനിമകളുടെ വ്യാജപതിപ്പുകൾ ഇറക്കുന്ന വെബ്സൈറ്റുകൾ മിക്കതും ബ്ലോക്കുചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഗൂഗിൾ വഴി തിരയുമ്പോൾ തുറക്കാൻ സാധിക്കില്ല. തമിഴ്എംവി തുറക്കണമെങ്കിൽ മിക്ക സമയത്തും വി.പി.എൻ(വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) ഉപയോഗിക്കേണ്ടതായിവരും. ഇത് ഓൺചെയ്താൽ ഇന്റർനെറ്റിൽ കയറുന്ന ആളുടെ ലൊക്കേഷൻ മാറ്റിനൽകാൻ സാധിക്കും.
തമിഴ്എംവിയുടെ നേരിട്ടുള്ള ലിങ്ക് എന്നൊക്കെ പറഞ്ഞാണ് വ്യാജസൈറ്റുകൾ പ്രത്യക്ഷപ്പെടുന്നത്. പ്രധാനമായും പരസ്യങ്ങൾ മാർക്കറ്റുചെയ്യാനാണ് ഇത്തരം സൈറ്റുകൾ ശ്രമിക്കുന്നത്. ഫോണിലെ ഡേറ്റകൾ ചോർത്താനും ചിലർ എത്താറുണ്ട്. ഈ വെബ്സൈറ്റുകളിലെ ലിങ്കുകളിൽ ക്ലിക്കുചെയ്താൽ ചിലപ്പോൾ ഫോൺ ഹാക്കുചെയ്യപ്പെട്ടേക്കാം. ഇത്തരം സൈറ്റുകൾക്കെതിരേയാണ് തമിഴ്എംവി അറിയിപ്പ് നൽകിയിരിക്കുന്നത്. തങ്ങളുടെ വെബ്സൈറ്റിന്റെ വ്യാജപതിപ്പുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കൃത്യമായി വിപിഎൻ ഉപയോഗിച്ച് തമിഴ്എംവി സൈറ്റിൽ കേറാൻ ശ്രമിക്കണമെന്നുമാണ് ഇവർ അറിയിപ്പ് നൽകുന്നത്.