തലശ്ശേരി മൈസൂര്‍ റെയില്‍ പാതക്ക് തുരങ്കം വച്ച്‌ അധികൃതര്‍: 2. 63 ഏക്കര്‍ സ്വകാര്യ സ്ഥാപനത്തിന് ലീസിന് നല്‍കാൻ നീക്കം

Share our post

തലശ്ശേരി: നൂറ്റാണ്ട് പഴക്കമുള്ള തലശ്ശേരി-മൈസൂർ റെയില്‍പാതയെന്ന സ്വപ്നത്തിന് തുരങ്കം വെക്കുന്ന തരത്തില്‍ തലശ്ശേരിയില്‍ റെയില്‍വേയുടെ കണ്ണായ ഇടത്തെ 2.63 ഏക്കർ സ്വകാര്യ സ്ഥാപനത്തിന് ലീസിന് നല്‍കാൻ ഗൂഢ നീക്കം. പാലക്കാട് റെയില്‍വേ ഡിവിഷൻ കേന്ദ്രീകരിച്ച്‌ 45 വർഷത്തേക്ക് ഈ സ്ഥലം ലീസിന് നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്.തലശ്ശേരിയില്‍ റെയില്‍വേക്ക് 50 ഏക്കർ സ്ഥലമാണുള്ളത്. ഷോർണൂർ കഴിഞ്ഞാല്‍ മലബാറില്‍ റെയില്‍വേയ്ക്ക് ഏറ്റവും കൂടുതല്‍ സ്ഥലം ഇവിടെയാണ്. തലശ്ശേരി -മൈസൂരു റെയില്‍പാത യാഥാർത്ഥ്യമാകാനുള്ള നീക്കം നടക്കുമ്പോഴെല്ലാം ഇതില്ലാതാക്കാൻ ഇത്തരം ഗൂഢ നീക്കങ്ങള്‍ നടത്താറുള്ളതാണ്. ബ്രിട്ടീഷുകാർ തലശ്ശേരി -മൈസൂരു പാത വിഭാവനം ചെയ്തത് 1907ലാണ്.

ലോക മഹായുദ്ധം അടക്കമുള്ള കാരണങ്ങളാല്‍ ഇത് നടന്നില്ല. മൈസൂരിലേക്ക് 295 കി.മി ദൂരമുണ്ടെന്ന തരത്തില്‍ സർവേ നടത്തി ചിലവിന്റെ പേരില്‍ പദ്ധതി തള്ളാനുള്ള ശ്രമവും നടന്നിരുന്നു.ഇരിട്ടി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ആക്ഷൻ കമ്മിറ്റി ജിയോളജിക്കല്‍ സർവ്വേ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നടത്തിയ ജനകീയ സർവ്വേ പ്രകാരം തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി, കുടകിലെ തിത്തിമത്തി, പൊന്നം പേട്ട്, ഹുൻസൂർ വഴി മൈസൂരിലേക്ക് വെറും 145.5 കി.മി ദൂരം മാത്രമേയുള്ളുവെന്ന കണ്ടെത്തല്‍ ഈ വാദത്തെ പൊളിച്ചു.പിന്നീട് മാനന്തവാടി വഴി മൈസൂരിലേക്ക് പാത പരിഗണിക്കണമെന്ന തരത്തില്‍ സംസ്ഥാന സർക്കാരില്‍ നിന്നുള്ള നിർദ്ദേശവും ഉയർന്നു വന്നു.

ഒരുങ്ങുന്നു ഒന്നര മണിക്കൂറില്‍ മൈസൂരു-ചെന്നൈ യാത്ര

ഒന്നര മണിക്കൂർ യാത്രയില്‍ മൈസൂരു-ചെന്നൈ അതിവേഗ പാത ഒരുങ്ങുമ്പോള്‍ തലശ്ശേരി മൈസൂരു ലൈനിന് ഏറെ പ്രാധാന്യമുണ്ട്. നിലവില്‍ തലശ്ശേരിയില്‍ നിന്ന് ചെന്നൈയിലേക്ക് 14 മണിക്കൂറാണ് ട്രെയിൻ യാത്ര. ജനകീയ സർവേ പ്രകാരം കണ്ടെത്തിയ ലൈനില്‍ പാത യാഥാർത്ഥ്യമായാല്‍ പരമാവധി രണ്ടര മണിക്കൂർ കൊണ്ട് മൈസൂരിലെത്താനാകും. അവിടെ നിന്ന് അതിവേഗ പാത വഴി ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും അതിവേഗ പാതയും പ്രയോജനപ്പെടുത്താം.

മണ്ണിടിച്ചില്‍ മൂലം മഴക്കാലത്ത് ക്ലേശകരമാകുന്ന കൊങ്കണിനെ ആശ്രയിക്കാതെ ഉത്തരേന്ത്യയിലേക്ക് എളുപ്പത്തില്‍ ഏത്താമെന്ന സൗകര്യവും നിർദ്ദിഷ്ട മൈസൂരു-തലശ്ശേരി പാതയ്ക്കുണ്ട്.ഭാവിയില്‍ തലശ്ശേരിയെ റെയില്‍വേ ജംഗ്ഷനാക്കി മാറ്റിയെടുക്കാനുള്ള സാദ്ധ്യത മുന്നിലുള്ളപ്പോഴാണ് കണ്ണായ സ്ഥലം റെയില്‍വേ സ്വകാര്യ സ്ഥാപനത്തിന് പാട്ടത്തിന് നല്‍കുന്നത്. തലശ്ശേരിയിലെ ഒരു സെന്റ് സ്ഥലം പോലും റെയില്‍വേ കൈമാറരുത്. രണ്ടര ഏക്കറിലേറെ കണ്ണായ സ്ഥലം പോയാല്‍ പിന്നെ തലശ്ശേരി-മൈസൂർ റെയില്‍ പാത മാത്രമല്ല, തലശ്ശേരിയുടെ മുഴുവൻ റെയില്‍വേ വികസന സ്വപ്നങ്ങളും ഇല്ലാതാകും-കെ.വി.ഗോകുല്‍ ദാസ് (പ്രസിഡന്റ്, തലശ്ശേരി വികസന വേദി)

നേരത്തെയും ലീസിന് നല്‍കി

പുതിയ ബസ്സ് സ്റ്റാൻഡിനോട് ചേർന്നുളള ഫുട്ട് ഓവർ ബ്രിഡ്ജിന് താഴെ ഇടതു ഭാഗത്ത് സ്വകാര്യ വ്യക്തിക്ക് നല്‍കിയ ലീസിന്റെ കാലാവധി വർഷങ്ങള്‍ക്ക് മുമ്പേ കഴിഞ്ഞതാണ്. ഇവിടം മാലിന്യ നിക്ഷേപ കേന്ദ്രമാണിന്ന്. സ്റ്റേറ്റ് വേർ ഹൗസ്, സ്വകാര്യ പെട്രോള്‍ പമ്പ്, പഴയ തീവണ്ടിക്കുളം, പച്ചക്കറി മാർക്കറ്റ് പ്രദേശമെല്ലാം റെയില്‍വേ 40 വർഷത്തേക്ക് ലീസിന് നല്‍കിയതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!