നിർണായക മാറ്റങ്ങൾ വരുന്നു; സുപ്രധാനമായ മൂന്ന് പുതിയ പരിഷ്ക്കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

Share our post

തിരുവനന്തപുരം: വോട്ടർ പട്ടികയുടെ കൃത്യത മെച്ചപ്പെടുത്താനും വോട്ടെടുപ്പ് കൂടുതൽ സുഗമമാക്കാനുമുള്ള പുതിയ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്നു. മാർച്ച് മാസത്തിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ (CEOs) സമ്മേളനത്തിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അവതരിപ്പിച്ച കാര്യങ്ങൾക്കനുസൃതമായാണ് ഈ നടപടി. സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്‌ബീർ സിംഗ് സന്ദു, ഡോ. വിവേക് ജോഷി എന്നിവരും പങ്കെടുത്തിരുന്നു.

ഇനി മുതൽ, 1960 ലെ വോട്ടർമാരുടെ രജിസ്ട്രേഷൻ  നിയമത്തിലെ ചട്ടം 9, 1969 ലെ ജനന-മരണം രജിസ്ട്രേഷൻ നിയമത്തിലെ സെക്ഷൻ 3(5)(b) (2023 ൽ ഭേദഗതി ചെയ്തതനുസരിച്ച്) എന്നിവ പ്രകാരം, ഇന്ത്യയുടെ രജിസ്ട്രാർ ജനറലിൽ നിന്ന് ഇലക്ട്രോണിക് മാർഗം മരണ രജിസ്ട്രേഷൻ ഡാറ്റ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭ്യമാക്കും. ഇതിലൂടെ ഇലക്ട്രൽ  രജിസ്ട്രേഷൻ ഓഫീസർമാർക്കു മരണം രജിസ്റ്റർ ചെയ്ത വിവരം സമയബന്ധിതമായി ലഭ്യമാകും. അതോടൊപ്പം, ഫോം 7 വഴി ഔദ്യോഗിക അപേക്ഷ വരാനായി കാത്തിരിക്കാതെ, വീടുകൾ സന്ദർശിച്ച് വിവരങ്ങൾ സ്ഥിരീകരിക്കാൻ ബിഎൽഓമാർക്ക്‌ സാധിക്കും.

വോട്ടർ ഇൻഫർമേഷൻ സ്ലിപ്പുകൾ കൂടുതൽ വോട്ടർമാർ സൗഹൃദമാക്കുന്നതിനായി അതിന്‍റെ ഡിസൈൻ  പുതുക്കാനും കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. വോട്ടറുടെ പാർട്ട്‌ നമ്പറും, സീരിയൽ നമ്പറും വലിയ അക്ഷരത്തിൽ ഡിസ്പ്ലേ ചെയ്യുന്നതിലൂടെ വോട്ടർമാർക്ക് തങ്ങളുടെ പോളിംഗ് സ്റ്റേഷൻ തിരിച്ചറിയാനും, പോളിംഗ് ഉദ്യോഗസ്ഥർക്ക് വോട്ടർ പട്ടികയിൽ പേരുകൾ എളുപ്പത്തിൽ കണ്ടെത്താനുമാകും.

ജനപ്രാതിനിധ്യ നിയമം, 1950ന്‍റെ സെക്ഷൻ 13B(2) അനുസരിച്ച് ERO നിയമിക്കുന്ന എല്ലാ ബിഎൽഒമാർക്കും സ്റ്റാൻഡേർഡ് ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.  പൗരന്മാർക്ക് ഇത് സഹായകരമാകും. വോട്ടർമാർക്ക്‌ബിഎൽഒമാരെ തീർച്ചറിയാനും, വോട്ടർ രജിസ്ട്രേഷൻ ഡ്രൈവുകൾക്കിടയിൽ വിശ്വാസത്തോടെ ഇടപെടാനും ഇത് സഹായിക്കും. ഇലക്ഷൻ സംബന്ധമായ കാര്യങ്ങളിൽ, തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടർമാരും തമ്മിലുള്ള പ്രഥമസമ്പർക്കം  ബിഎൽഒമാരിലൂടെയാണ്. വീടുകളിലേക്കുള്ള സന്ദർശനങ്ങളിൽ ബിഎൽഒമാരെ പൊതു ജനങ്ങൾ എളുപ്പത്തിൽ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!