വികസനത്തിലേക്ക് വഴിയൊരുക്കി തീരദേശപാത; കണ്ണൂർ ജില്ലയിൽ നിർമാണം പുരോഗമിക്കുന്നു

Share our post

കണ്ണൂർ : ഗതാഗത-തീരദേശ മേഖലകൾക്കും ടൂറിസത്തിനും വികസനപാതയൊരുക്കുന്ന തീരദേശ ഹൈവേയുടെ നിർമാണം ജില്ലയിൽ പുരോഗമിക്കുന്നു. ജില്ലയിൽ 60 കിലോമീറ്റർ നീളത്തിലാണ് പാത. സംസ്ഥാനമൊട്ടാകെ വിഭാവനം ചെയ്യുന്ന 14 മീറ്റർ വീതിയുള്ള പാതയുടെ നിർമാണ ചെലവ് 6500 കോടി രൂപയാണ്. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ കേരള റോഡ് ഫണ്ട് ബോർഡിലാണ് നിർമാണ ചുമതല. നിലവിലുളള ദേശീയപാതകളും സംസ്ഥാനപാതകളും തീരദേശ ഹൈവേയുടെ ഭാഗമാക്കിയും പുതിയ നിർമാണങ്ങൾ നടത്തിയും 3 ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്.

ഡ്രെയിനേജ്, സൈക്കിൾ യാത്രക്കാർക്ക് പ്രത്യേക ട്രാക്ക്, 7 മീറ്ററിൽ വാഹന പാത, നടപ്പാത, ബസ് ബേകൾ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയാണ് നിർമാണം. രാജ്യാന്തര നിലവാരത്തിൽ രണ്ടര മീറ്റർ വീതിയുള്ള സൈക്കിൾ ട്രാക്കാണ് നിർമിക്കുക. മാഹി പാലം മുതൽ രാമന്തളി വരെയാണ് ജില്ലയിലൂടെ പാത കടന്നുപോകുന്നത്. മാഹി പാലം-ധർമടം പാലം, ധർമടം-എടക്കാട്, എടക്കാട്-കുറുവ, കുറുവ -പ്രഭാത് ജംക്‌ഷൻ, പ്രഭാത് ജംക്‌ഷൻ-പയ്യാമ്പലം, പയ്യാമ്പലം-നീർക്കടവ്, മീൻകുന്ന്-ചാൽബീച്ച്, ചാൽബീച്ച്-അഴീക്കൽ, അഴീക്കൽ-പാലക്കോട്, പാലക്കോട് – കുന്നരു സിറ്റി, കുന്നരു സിറ്റി-പാണ്ട്യാലക്കടവ് എന്നീ റീച്ചുകളിലായാണ് പാതയുടെ നിർമാണം. തിരുവനന്തപുരം പൂവാർ മുതൽ കാസർകോട് കുഞ്ചത്തൂർ വരെ 623 കിലോമീറ്റർ ദൂരത്തിലുള്ള പാതയുടെ ആദ്യ റീച്ച് മലപ്പുറത്ത് ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. 39 റീച്ചുകളിൽ സ്ഥലം ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!