ഗ്രീഷ്മോത്സവത്തിന് ഒരുങ്ങി ഊട്ടി; പനിനീർപ്പൂ ഉദ്യാനത്തിൽ ലക്ഷക്കണക്കിന് ചെടികൾ പൂവണിഞ്ഞു

ഊട്ടി: മേയ് മാസത്തിൽ ആരംഭിക്കുന്ന ഗ്രീഷ്മോത്സവത്തിന് ഊട്ടി ഒരുങ്ങി. പനിനീർപ്പൂ ഉദ്യാനത്തിൽ 4,200-ഓളം ഇനത്തിലുള്ള ലക്ഷക്കണക്കിന് ചെടികൾ പൂവണിഞ്ഞു. പച്ച, നീല, റോസ്, രണ്ടുവർണങ്ങൾ ചേർന്നവ, വയലറ്റ് തുടങ്ങി അപൂർവമായ ഇനങ്ങളുണ്ട്.സസ്യോദ്യാനത്തിൽ ഒരുലക്ഷത്തോളം ചട്ടികളിൽ നട്ടുവളർത്തിയ ചെടികൾ പൂവിട്ടു. ഇവയിൽ ചിലത് ഗാലറിയിൽ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. മേയ് 10 മുതൽ മൂന്നു ദിവസമാണ് പനിനീർപ്പൂമേള. സസ്യോദ്യാനത്തിൽ 16 മുതൽ 21 വരെ പുഷ്‌പമേള നടക്കും. മേയ് മൂന്നിന് കോത്തഗിരി നെഹ്‌റുപാർക്കിൽ നടക്കുന്ന പച്ചക്കറിമേളയോടെയാണ് ഗ്രീഷ്മോത്സവം ആരംഭിക്കുക.
എന്നാൽ, മേളകൾ തുടങ്ങാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ ഊട്ടിയിലെത്തുന്ന സഞ്ചാരികൾക്ക് ആവശ്യത്തിന് ശൗചാലയങ്ങളോ പാർക്കിങ് സൗകര്യങ്ങളോ ഒരുക്കാനായിട്ടില്ല. ഉല്ലാസകേന്ദ്രങ്ങൾ കോർത്തിണക്കി സർക്യൂട്ട് ബസ്‌സർവീസ് ഉണ്ടെങ്കിലും തിരക്കുള്ള ദിവസങ്ങളിൽ സഞ്ചാരികൾ വലയുന്നു. മേയ് ആദ്യവാരത്തോടെ കൂടുതൽ ബസ് സർവീസ് ആരംഭിക്കുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.