കരിമ്പം ഫാമിൽ ഇഞ്ചി,മഞ്ഞൾ ടിഷ്യു തൈകൾ റെഡി

തളിപ്പറമ്പ്: ഇഞ്ചിക്കും മഞ്ഞളിനും കീടബാധയില്ലാതെ ഇനി ഇരട്ടി വിളവുണ്ടാകും. അത്യുൽപ്പാദനശേഷിയുള്ളതും ഗുണമേന്മകൂടിയതുമായ തൈകൾ ടിഷ്യുകൾച്ചർ സാങ്കേതികവിദ്യയിലൂടെ തയ്യാറായിരിക്കുകയാണ് കരിമ്പം കൃഷിത്തോട്ടത്തിൽ. പുതിയ രണ്ട് ഉൽപ്പന്നങ്ങളാണ് ജില്ലാ കൃഷിത്തോട്ടത്തിലെ ടിഷ്യു കൾച്ചർ ലാബിൽനിന്ന് കാർഷികമേഖലയിലേക്ക് എത്തുന്നത്. നൂതന കാർഷിക സാങ്കേതികവിദ്യകൾ അതിവേഗം കർഷകരിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. പ്രതിഭ ഇനം മഞ്ഞൾവിത്തും വരദ ഇനത്തിലുള്ള ഇഞ്ചിവിത്തും ഉപയോഗിച്ച് ഒന്നരവർഷം നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് തൈകൾ വികസിപ്പിച്ചത്. പ്രാരംഭഘട്ടം, ശാഖ പെരുക്കൽ, തണ്ട് നീട്ടി എടുക്കൽ, വേര് പിടിപ്പിക്കൽ എന്നീ നാല് ഘട്ടങ്ങളും പൂർത്തിയായി. ആയിരക്കണക്കിന് തൈകളാണ് വളർത്തിയത്. കേരള കാർഷിക സർവകലാശാലയിൽനിന്ന് ലഭിച്ച പ്രത്യേക പരിശീലനത്തിനുശേഷമാണ് ടെക്‌നീഷ്യന്മാർ കൂടുതൽ ചെടികൾ ഉൽപ്പാദിപ്പിച്ചത്. പൂർണമായും ശീതീകരിച്ച ലാബിൽ പ്രത്യേകം തയ്യാറാക്കിയ ജാറുകളിൽ സൂക്ഷിച്ചിരുന്ന തൈകൾ നിശ്ചിത വളർച്ചയിലെത്തുമ്പോൾ പുറത്തുള്ള നഴ്‌സറിയിൽ ചകിരിച്ചോറ് നിറച്ച പോട്ട് ട്രേകളിലേക്ക് മാറ്റും. വിത്ത് നേരിട്ട് മണ്ണിൽനടുന്ന രീതിയില്ല ഇവിടെ. മുളപ്പിച്ച തൈകളാണ് നടുന്നത്. ആദ്യഘട്ടത്തിൽ തണൽ ഒരുക്കണം. നിലവിലുള്ള സമയപരിധിതന്നെയാണ് വിളവെടുക്കാൻ ആവശ്യം. ആവശ്യമായ അടിവളം നൽകണം. തുടർന്ന് സംയോജിത വളപ്രയോഗവും കീടനിയന്ത്രമാർഗങ്ങളും വേണം. തൈകൾ ലഭിക്കാൻ ഒരു പോട്ട്‌ട്രേ തൈക്ക് അഞ്ച് രൂപയാണ് വില. പ്രവൃത്തി ദിവസങ്ങളിൽ കൃഷിത്തോട്ടത്തിലെ കൗണ്ടർവഴി തൈകൾ ലഭിക്കും. ആദ്യഘട്ടത്തിൽ ഇഞ്ചി, മഞ്ഞൾ എന്നിവയുടെ 15,000 തൈകൾ വികസിപ്പിച്ചിട്ടുണ്ടെന്നും ആവശ്യക്കാരുണ്ടെങ്കിൽ തൈകൾ വീണ്ടും ഉൽപാദിപ്പിക്കുമെന്നും ഫാം സൂപ്രണ്ട് കെ പി രസ്‌ന അറിയിച്ചു.