മികച്ച ആസൂത്രണവും ക്രമീകരണവും, ഗുരുവായൂരിൽ തിക്കും തിരക്കുമില്ലാതെ 153 കല്യാണങ്ങൾ

ഗുരുവായൂർ: മികച്ച ആസൂത്രണവും ക്രമീകരണവും ഒരുക്കിയതിന് ഫലം കണ്ടു. ബുധനാഴ്ച 153 കല്യാണങ്ങൾ നടന്നത് തിക്കും തിരക്കും ബഹളങ്ങളുമില്ലാതെ. ഉച്ചയ്ക്ക് 12 ആകുമ്പോഴേക്കും കല്യാണങ്ങളെല്ലാം പൂർത്തിയാകുകയും ചെയ്തു.കല്യാണസംഘങ്ങൾക്ക് ടോക്കൺ നൽകാൻ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിനു തെക്ക് പ്രത്യേകമായി കൗണ്ടർ ഒരുക്കിയതാണ് ഗുണമായത്.വധൂവരൻമാരും ബന്ധുക്കളും ഫോട്ടോഗ്രാഫർമാരുമടക്കം 24 പേരെ മാത്രം പ്രവേശിപ്പിക്കുന്നത് കർശനമാക്കി. താലികെട്ട് കഴിഞ്ഞ് വധൂവരൻമാർ കിഴക്കേ ദീപസ്തംഭത്തിനു മുന്നിൽ തൊഴുതശേഷം ബന്ധുക്കൾക്കൊപ്പം തെക്കേനടയിലേക്കു നീങ്ങി. തെക്കേനടയിൽനിന്ന് ഭക്തരെ നേരെ കിഴക്കേ നടപ്പന്തലിലേക്ക് കടത്തിവിടാതിരുന്നതുകൊണ്ട് കൂട്ടിമുട്ടൽ ഒഴിവായി. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിനു പിൻവശത്തുകൂടിയാണ് ദീപസ്തംഭം തൊഴാൻ ഭക്തരെ വിട്ടത്. വൺവേസമ്പ്രദായ പരീക്ഷണം വിജയിക്കുകയും ചെയ്തു. വധൂവരൻമാർക്കും ബന്ധുക്കൾക്കും ക്ഷേത്രം കിഴക്കേ മതിൽക്കെട്ടിനു മുന്നിൽ പതിവുപോലെ ഫോട്ടോഷൂട്ട് അനുവദിക്കാതിരുന്നതുകൊണ്ടും തിരക്ക് പ്രകടമായില്ല.കഴിഞ്ഞ രണ്ടു ഞായറാഴ്ചകളിലും നൂറിലേറെ കല്യാണങ്ങൾ ഉണ്ടായപ്പോൾ തിരക്ക് ക്രമീകരണത്തിൽ പാളിച്ചകളുണ്ടായിരുന്നു.