മെഗാ രക്തദാന ക്യാമ്പുമായ് ഡി.വൈ.എഫ്.ഐ

കണ്ണൂർ: തെരുവുകൾ ചുവപ്പിച്ച സമരവഴികളിൽ വേറിട്ട മുന്നേറ്റമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ലോകതൊഴിലാളി ദിനമായ മെയ് ഒന്നുമുതൽ 31 വരെ പരിയാരം മെഡിക്കൽ കോളേജ്, കണ്ണൂർ ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി, മലബാർ ക്യാൻസർ സെന്റർ എന്നീ ആശുപത്രികളെ ഏകോപിപ്പിച്ചാണ് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. പരിയാരം മെഡിക്കൽ കോളേജ്, കണ്ണൂർ, തലശേരി ആശുപത്രികളിൽ 25 യൂണിറ്റ് വീതവും മലബാർ ക്യാൻസർ സെന്ററിൽ 10 യൂണിറ്റ് രക്തവുമാണ് ദിവസേന നൽകുന്നത്. ജില്ലാതല ഉദ്ഘാടനം മെയ് ഒന്നിന് പാനൂരിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ നിർവഹിക്കും. ഒരു മാസം 2500 യൂണിറ്റ് രക്തം മെഗാക്യാമ്പിലൂടെ നൽകും. സേവന സന്നദ്ധതയുടെ ലോക മാതൃകയൊരുക്കുകയാണ് ഡിവൈഎഫ്ഐ. നിപാ, കോവിഡ് തുടങ്ങിയ പ്രതിസന്ധിയുടെ കാലത്ത് ജീവിതം സ്തംഭിച്ചപ്പോൾ ജീവരക്തം നൽകിയാണ് ഡിവൈഎഫ്‌ഐ അതിജീവനമാതൃക സൃഷ്ടിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രക്തം ദാനംചെയ്യുന്ന സംഘടനയാണ് ഡിവൈഎഫ്ഐ. നിസ്സഹായരായ മനുഷ്യർക്ക് സ്നേഹപൂർണമായ കരുതലും മരുന്നും ഭക്ഷണവുമെത്തിച്ചത് യുവതയാണ്. ഉരുൾപൊട്ടലിൽ തകർന്ന വയനാടിനെ ആക്രിപെറുക്കി വിറ്റ് ചേർത്തുപിടിച്ചതും ചരിത്രമായി. പുതിയകാലത്തിന്റെ പോരാട്ടത്തിൽ എഴുതിച്ചേർക്കുന്ന ഏടായി മെഗാ രക്തദാനക്യാമ്പ് മാറും.