വർക്കിങ് വനിതാ ഹോസ്‌റ്റൽ രജതജൂബിലി ആഘോഷം ഒന്നിന്

തലശേരി: സംസ്ഥാനത്തെ സഹകരണ മേഖലയിലെ പ്രഥമ വനിതാ ഹോസ്‌റ്റൽ രജതജൂബിലി നിറവിൽ. തലശേരി കോ–-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് വർക്കിങ് വനിതാ ഹോസ്‌റ്റലാണ് സേവനത്തിന്റെ 25 വർഷം പൂർത്തിയാക്കുന്നത്. രജതജൂബിലി ആഘോഷം വ്യാഴം പകൽ മൂന്നിനു റൂറൽ ബാങ്ക് ഇ. നാരായണൻ ബാങ്ക്വറ്റ് ഹാളിൽ റിട്ട. ജില്ലാ ജഡ്‌ജി ടി. ഇന്ദിര ഉദ്‌ഘാടനംചെയ്യും. കോ–-ഓപ്പറേറ്റീവ് ടൗൺ ബാങ്കിന്റെ സുവർണജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് വനിതാ ഹോസ്‌റ്റൽ നിർമിക്കാൻ അന്നത്തെ പ്രസിഡന്റ് ഇ നാരായണന്റെ നേതൃത്വത്തിലുള്ള ഭരണസമിതി തീരുമാനിച്ചത്. 1996 നവംബർ മൂന്നിനു അന്നത്തെ വൈദ്യുതിമന്ത്രി പിണറായി വിജയൻ കല്ലിട്ടു. 2000 മാർച്ച് 11ന് സഹകരണ മന്ത്രി എസ് ശർമ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ജോലിക്കും പഠനത്തിനുമായി തലശരിയിലെത്തുന്ന സ്‌ത്രീകൾക്ക് സുരക്ഷിത താമസത്തിനുള്ള ഇടമാണിന്ന് വനിതാ ഹോസ്‌റ്റൽ. 135 പേർക്ക് സ്ഥിരംതാമസ സൗകര്യമുണ്ട്.
പരീക്ഷക്കും അഭിമുഖത്തിനും മറ്റുമായി എത്തുന്നവർക്ക് രണ്ടും മൂന്നും ദിവസവും താമസിക്കാം. 25 വർഷത്തിനിടയിൽ ആയിരക്കണക്കിന് വനിതകൾ ഹോസ്‌റ്റൽ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പരാതികളില്ലാതെ സേവനത്തിന്റെ കാൽനൂറ്റാണ്ട് പൂർത്തിയാക്കാനായെന്നത് സഹകരണ മേഖലക്കാകെ അഭിമാനകരമാണ്. രജതജൂബിലിയോടനുബന്ധിച്ച് എയർകണ്ടീഷൻ സൗകര്യമുള്ള മുറികൾകൂടി ഹോസ്‌റ്റലിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായി ബാങ്ക് പ്രസിഡന്റ് പി ഹരീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാൽനൂറ്റാണ്ടിനിടെ ഇവിടെ താമസിച്ച അന്തേവാസികളുടെ ഒത്തുചേരൽകൂടിയായി രജതജൂബിലി ആഘോഷം മാറും. ഹോസ്‌റ്റൽ ഇൻമേറ്റ്‌സും ബാങ്ക് വനിതാ ജീവനക്കാരും അവതരിപ്പിക്കുന്ന കലാപരിപാടികളുമുണ്ടാവും. ബാങ്ക് ഡയറക്ടർ ആമിന മാളിയേക്കൽ, ജനറൽ മാനേജർ സി.എം സന്തോഷ്‌കുമാർ എന്നിവരും പങ്കെടുത്തു.