വാക്സിന്‍ എടുത്തിട്ടും പേവിഷ ബാധ മരണം എന്തുകൊണ്ട്? റാബീസിനെ അറിയാം, കരുതലോടെ പ്രതിരോധിക്കാം

Share our post

മലപ്പുറത്ത് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും ആറു വയസുകാരി സിയ ഫാരിസ് പേ വിഷ ബാധയെ തുടര്‍ന്ന് മരിച്ച സംഭവം ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. മാര്‍ച്ച് 29നാണു സിയ അടക്കം ആറ് പേരെ തെരുവുനായ ആക്രമിച്ചത്. പട്ടികടിയേറ്റ് രണ്ട് മണിക്കൂറിനകം പ്രതിരോധ കുത്തിവയ്‌പ്പെടുത്തു. എല്ലാ ഡോസുകളും പൂര്‍ത്തിയാക്കിയെങ്കിലും ഒരാഴ്ച മുന്‍പു പനിയെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് സിയയ്ക്ക് പേ വിഷബാധ സ്ഥിരീകരിക്കുന്നത്. കഴുത്തിന് മുകളിലുണ്ടായിരുന്ന പരിക്ക് ഗുരുതരവും ആഴത്തിലുള്ളതുമായതിനാലാണ് വാക്‌സിന്‍ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടായതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ഏകദേശം 20000 റാബിസ് മരണങ്ങളാണ് ഇന്ത്യയില്‍ ഒരു വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത് ലോകത്താകമാനമുള്ള റാബിസ് മരണങ്ങളുടെ 36 ശതമാനം വരും. ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളില്‍ ഒന്നാണ് പേവിഷബാധ. റാബ്‌ഡോവിറിഡോ കുടുംബത്തില്‍പെട്ട ആര്‍എന്‍എ വൈറസാണ് പേ വിഷബാധയക്ക് കാരണമായ റാബിസ് വൈറസ്.

റാബിസ് മാരകമാകുന്നതെങ്ങനെ

മനുഷ്യരിലേക്ക് ഈ വൈറസ് മൃഗങ്ങളുടെ തുപ്പല്‍ വഴിയോ, അവ കടിക്കുമ്പോഴോ, മുറിവില്‍ നക്കുമ്പോഴോ പ്രവേശിക്കാം. രോഗം പ്രധാനമായും ബാധിക്കുന്നത് തലച്ചോറിനെയാണ്. മുറിവില്‍ നിന്ന് നാഡികള്‍ വഴി രോഗാണുക്കള്‍ തലച്ചോറില്‍ എത്തുകയും അവിടെ വെച്ച് വൈറസ് പെരുകുകയും ചെയ്യുന്നു.
ഏകദേശം 20 മുതല്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാം. ചിലപ്പോള്‍ രോഗലക്ഷണം പ്രകടമാകാന്‍ ഒരു വര്‍ഷം വരെ സമയമെടുത്തെന്നും വരാം. രോഗ ലക്ഷണങ്ങള്‍ പ്രകടമായാല്‍ പിന്നെ അസുഖം ചികിത്സിച്ചു ഭേദമാക്കുക പ്രയാസമാണ്. അങ്ങനെ രക്ഷപ്പെട്ടുള്ളവര്‍ ലോകത്ത് തന്നെ ചുരുക്കമാണ്.

ലക്ഷണങ്ങള്‍

സാധാരണ പനി ലക്ഷണങ്ങളായ ശരീരത്തിന് ചൂട്, തലവേദന, ക്ഷീണം, ഓക്കാനം, തുടങ്ങിയവയാണ് റാബിസിന്റെ പ്രാരംഭ ലക്ഷണം. കടിയേറ്റ ഭാഗത്ത് തരിപ്പ്, വേദന, ചൊറിച്ചില്‍ എന്നിവയുണ്ടാകുന്നത് വൈറസ് ബാധ നാഡികളെ ബാധിക്കുന്നതിന്റെ സൂചനയാണ്.
ഏതൊക്കെ മൃഗങ്ങളില്‍ നിന്ന് റാബിസ് പകരാം
90 ശതമാനം കേസുകളിലും രോഗം പടരുന്നത് നായകളില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നായകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മനുഷ്യരില്‍ പേവിഷ ബാധയ്ക്ക് കാരണമാകുന്ന മറ്റൊരു മൃഗം പൂച്ചയാണ്. മരപ്പട്ടി, കുരങ്ങ്, വവ്വാല്‍, അണ്ണാന്‍ എന്നീ ജീവികളുടെ കടിയേല്‍ക്കുന്നതും അപകടമാണ്.

പ്രതിരോധം മൂന്ന് തരത്തില്‍

മൃഗങ്ങളെ തൊടുകയോ, ഭക്ഷണം നല്‍കുന്നതിനിടെ അവ മുറിവില്ലാത്ത തൊലിപ്പുറത്ത് നക്കുക തുടങ്ങിയ സാഹചര്യങ്ങളാണ് ഒന്നാമത്തെ കാറ്റഗറി. ഇത്തരം സാഹചര്യങ്ങളില്‍ ഒഴുകുന്ന ടാപ്പ് വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകാം.

പ്രതിരോധ മരുന്ന് വേണ്ട.

തൊലിപ്പുറത്ത് മാന്തുകയോ, പോറല്‍ ഉണ്ടാക്കുകയോ ചെയ്യുന്നതാണ് രണ്ടാമത്തെ കാറ്റഗറി. ഒഴുകുന്ന ടാപ്പ് വെള്ളത്തില്‍ മുറിവു നന്നായി കഴുകണം. കൂടാതെ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കേണ്ടത് പ്രധാനമാണ്.
മുറിവില്‍ നക്കുക, ആഴത്തിലുള്ള മുറിവുണ്ടാക്കുക, ചുണ്ടിലോ വായിലോ നാക്കിലോ നക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ മുറിവ് നന്നായി ഒഴുകുന്ന വെള്ളത്തില്‍ കഴുകിയ ശേഷം മുറിവില്‍ ആന്റി റാബിസ് ഇമ്യൂണോഗ്ലോബുലിനും ഒപ്പം പ്രതിരോധ കുത്തിവെപ്പും ഉടന്‍ തുടങ്ങണം.

ശ്രദ്ധിക്കേണ്ട കാര്യം

കൈ കൊണ്ട് മുറിവില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. കയ്യില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ വിഷബാധ പകരാന്‍ ഇത് കാരണമാകും.
കടിച്ച നായയ്ക്ക് വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കിലും അതിന്റെ ഇമ്യൂണിറ്റിയെ കുറിച്ച് ഉറപ്പില്ലാത്തതു കൊണ്ട് വാക്‌സില്‍ തീര്‍ച്ചയായും എടുക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!