ലോഗൻസ് റോഡ് നവീകരണം പുരോഗമിക്കുന്നു

തലശേരി: നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ ലോഗൻസ് റോഡിന്റെ നവീകരണപ്രവൃത്തി പുരോഗമിക്കുന്നു. പ്രവൃത്തി തുടങ്ങിയതോടെ നഗരത്തിൽ വാഹനഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. ഗതാഗത ക്കുരുക്ക് ഒഴിവാക്കാനായി വാഹനങ്ങൾ വഴിതിരിച്ച് വിടുന്ന ഒരോ റോഡുകളിലും ജങ്ഷനിലും പൊലീസിനെ നിയോഗിച്ചു. കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (കെഎസ്ടിപി) മുഖേന ആറ് കോടി രൂപ നിർമാണച്ചെലവ് പ്രതീക്ഷിക്കുന്ന പ്രവൃത്തിയുടെ ആദ്യഘട്ടമായി ട്രാഫിക് യൂണിറ്റുമുതൽ മണവാട്ടി ജങ്‌ഷൻവരെ റോഡരികിലെ കുടിവെള്ള പൈപ്പുകൾ മാറ്റിസ്ഥാപിക്കും. ഇതിന്റെ പ്രവൃത്തി തുടങ്ങി. കൂടാതെ റോഡിലെ നിലവിലെ ഇന്റർലോക്ക് മാറ്റി കോൺക്രീറ്റ് ചെയ്യും. അഴുക്കുചാലും പുതുക്കിപ്പണിയും. റോഡിലേക്ക് തള്ളിനിൽക്കുന്ന ഇലക്‌ട്രിക് പോസ്‌റ്റുകളും മാറ്റും. റോഡിന് ഇരുവശത്തും 60 സെന്റിമീറ്ററിൽ ഇന്റർലോക്ക് പതിക്കും. ചിലയിടങ്ങളിൽ കൈവരിയുമുണ്ടാകും. ഇവിടെനിന്ന് മാറ്റുന്ന ഇന്റർലോക്ക് ഉപയോഗിച്ച് പിലാക്കണ്ടി പ്ലാസ ഭാഗം, ഫെഡറൽ ബാങ്ക് പരിസരം, ഇംപീരിയൽ പ്രസ്സിന് മുൻവശം എന്നിവിടങ്ങളിലെ റോഡ് നവീകരിക്കാൻ ഉപയോഗിക്കും. മേയ് 20-നകം നിർമാണം പൂർത്തിയാക്കി റോഡ് തുറന്നുകൊടുക്കാനാണ് തീരുമാനം. ഏപ്രിൽ ആദ്യം പ്രവൃത്തി തുടങ്ങാനായിരുന്നു തീരുമാനിച്ചത്. പിന്നീട് പെരുന്നാൾ– വിഷു തിരക്കുകൾ പ്രമാണിച്ച് 16ലേക്ക് മാറ്റുകയായിരുന്നു. നഗരത്തിലെ പ്രധാനറോഡായ ലോഗൻസ് റോഡ് അടച്ചിടുംമുമ്പ് നഗരസഭയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ട്രാഫിക് പരിഷ്‌കരണം നടപ്പാക്കിയിരുന്നു.