കാഞ്ഞിരോട്–പഴശ്ശി 33 കെ.വി ലൈൻ നവീകരണം അന്തിമഘട്ടത്തിൽ

കണ്ണൂർ: കാഞ്ഞിരോട്–- -പഴശ്ശി കെ.എസ്.ഇ.ബി 33 കെവി ലൈൻ നവീകരണം അന്തിമഘട്ടത്തിലായി. മട്ടന്നൂരിൽനിന്ന് പഴശ്ശി സബ്സ്റ്റേഷിനിലേക്ക് നിലവിൽ ഒരു 33 കെവി ലൈൻ മാത്രമാണുള്ളത്. ഈ ലൈനിൽ അറ്റകുറ്റപ്പണി നടത്തുമ്പോഴും തകരാർ സംഭവിച്ചാലും വൈദ്യുതി തടസ്സമുണ്ടാകാറുണ്ട്. 2001 ൽ സ്ഥാപിച്ചതാണ് ലൈൻ. പഴക്കംകാരണം സ്ഥിരമായി തകരാറുകളുണ്ടാകാൻ തുടങ്ങിയതോടെയാണ് നവീകരണം തുടങ്ങിയത്. 15 കോടി രൂപയാണ് ചെലവ്. കാഞ്ഞിരോട് മുതൽ പെരിഞ്ചേരിവരെ മൂന്നിൽ രണ്ട് ഭാഗം പ്രവൃത്തി പൂർത്തിയായി. ദ്രുതഗതിയിലാണ് ബാക്കിയുള്ള പണികൾ നടക്കുന്നത്. അസി. എക്സിക്യുട്ടീവ് എൻജിനിയർ ബിജുമോഹൻ, അസി. എൻജിനിയർ വിനോദ് കുമാർ എന്നിവരാണ് മേൽനോട്ടം. ജില്ലയിൽ പുതുതായിവരുന്ന ഐടി ആൻഡ് സയൻസ് പാർക്കിലേക്കുള്ള വൈദ്യുതി വിതരണവും ഈ ലൈൻ വഴിയായിരിക്കും. കൃഷിയിടങ്ങളിലൂടെ കടന്നുപോവുന്നതിനാൽ വൈദ്യുത വിതരണം സുരക്ഷിതമാക്കുന്നതിനും അപകടരഹിതമാക്കുന്നതിനും ഇൻസുലേറ്റഡ് കേബിളുകളും പോളുകളും 14 മീറ്റർ ലാറ്റിസ് പോളുകളും ഉപയോഗിക്കുന്നുണ്ട്. പുതിയ എ പോളുകളും ലാറ്റിസ് പോളുകളും ഉയോഗിക്കുന്നതിലൂടെ സ്റ്റേകളും സപ്പോർട്ടുകളും പരമാവധി ഒഴിവാക്കാനുമായി. ഇൻസുലേറ്റഡ് കേബിൾ ഉപയോഗിക്കുന്നതിനാൽ വൈദ്യുതി സുരക്ഷയും ഉറപ്പുവരുത്തുന്നു. മെയ്‌മാസം പ്രവൃത്തി പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കാഞ്ഞിരോട് ട്രാൻസ്മിഷൻ ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനിയർ ബാബു പ്രജിത്ത് അറിയിച്ചു.