അസം റൈഫിൾസിൽ നായപരിശീലകയായി ചിറ്റാരിപ്പറമ്പ് സ്വദേശിനി; എം.എഫ്.എക്ക് അഭിമാനം

ചിറ്റാരിപ്പറമ്പ്(കണ്ണൂർ): കരസേനയുടെ ഭാഗമായ അസം റൈഫിൾസിലെ ആദ്യ വനിതാ ഡോഗ് ഹാൻഡ്‌ലറാകാൻ മലയാളി. കണ്ണൂർ ചിറ്റാരിപ്പറമ്പ് പരശൂർ സ്വദേശിനി പി.വി. ശ്രീലക്ഷ്മിയാണ്(24) ഈ ബഹുമതിക്ക് അർഹയാകുന്നത്. പരമ്പരാഗ തമായി പുരുഷകേന്ദ്രീകൃതമായ മേഖലയിലാണ് ശ്രീലക്ഷ്മി എന്നത് കേരളത്തിന് അഭിമാനമാണ്.
ചിറ്റാരിപ്പറമ്പ് പുതിയവീട്ടിൽ പ്രഭാകരൻ-ഷീജ ദമ്പതികളുടെ മകളായ ശ്രീലക്ഷ്മിക്കു പഠനകാലത്തേ സൈനികസേവനമായിരുന്നു ഇഷ്ടമേഖല. എസ്എസ്‌സി ജിഡി പരീക്ഷ എഴുതിയാണു ശ്രീലക്ഷ്മി 2023ൽ അസം റൈഫിൾസിന്റെ ഭാഗമായത്. പേരാവൂർ തൊണ്ടിയിലെ മോണിങ് ഫൈറ്റെഴ്സ് ഇന്റു റൻസ് അക്കാദമിയിൽ എം. സി. കുട്ടിച്ചന്റെ കീഴിൽ ട്രെയ്‌നിങ്ങിനു ശേഷം റൈഫിൾവുമനായി അരുണാചൽപ്രദേശിലെ ചങ്‌ലാങ്ങിൽ നിയമനം. പിന്നീട് മേഘാലയയിലെ ഷില്ലോങ്ങിലും സേവനമനുഷ്ഠിച്ചു.
ഇടയ്ക്ക് ഡോഗ് ഹാൻഡ്‌ലർ തസ്‌തികയിലേക്കു വൊളന്റിയറാകാൻ താൽപര്യമുണ്ടോയെന്ന അന്വേഷണം വന്നപ്പോൾ പണ്ടേ നായ്ക്കളെ ഇഷ്ടമായിരുന്ന ശ്രീലക്ഷ്‌മി സമ്മതം മൂളി. തുടർന്ന് അസമിലെ ജോർഹട്ടിൽ ആറു മാസ ട്രെയ്നിങ്. ഇതു പുരോഗമിക്കുകയാണ്. ഇക്കാലയളവിൽ 24 മണിക്കൂറും പരിശീലന നായയ്ക്കൊപ്പും നിൽക്കണം, ഇടയ്ക്കു ക്ലാസുകളുമുണ്ട്.
ബെൽജിയൻ മലിന്വാ വിഭാഗത്തിൽപെട്ട ഐറിസ് എന്ന പെൺനായയാണ് ഇപ്പോൾ ശ്രീലക്ഷ്മിക്കൊപ്പമുള്ളത്. ട്രാക്കർ ഡോഗ് എന്ന വിഭാഗത്തിൽപെടുന്നതാണ് ഈ നായ. ഓടിമറയുന്ന ഭീകരരെയും മറ്റും പിന്തുടർന്നു പിടിക്കുന്നതാണു ട്രാക്കർ ഡോഗുകളുടെ കടമ.
ശ്രീലക്ഷ്മിയുടെ പിതാവ് പേരാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. അനുജൻ സിദ്ധാർഥ് അക്കൗണ്ടിങ് വിദ്യാർഥിയാണ്.
തന്റെ കീഴിൽ പരിശീലനം നേടിയ ശ്രീലക്ഷ്മി കേരളത്തിന്റെ അഭിമാനമായതിൽ സന്തോഷിക്കുന്നുവെന്ന് കുട്ടിച്ചൻ ന്യൂസ് ഹണ്ടിനോട് പ്രതികരിച്ചു. 1000 പേർക്ക് വിവിധ സേനകളിൽ ജോലി നേടി കൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും
നിലവിൽ 551 പേർക്ക് ജോലി ലഭിച്ചെന്നും കുട്ടിച്ചൻ പറഞ്ഞു.