ജമ്മു കശ്മീരില്‍ സാമൂഹികപ്രവര്‍ത്തകനെ ഭീകരർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു

ശ്രീനഗർ: ജമ്മു കശ്മീരില്‍ സാമൂഹികപ്രവര്‍ത്തകനെ തീവ്രവാദികൾ വെടിവെച്ച് കൊലപ്പെടുത്തി. 45-കാരനായ ഗുലാം റസൂല്‍ മഗരെയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച അര്‍ധരാത്രിയോടെ കുപ്‌വാര ജില്ലയിലെ കന്‍ഡി ഖാസിലുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറിയ തീവ്രവാദികൾ ഗുലാമിനെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
ആക്രമണത്തിൽ ഗുലാം റസൂലിന്‍റെ വയറിലും ഇടത് കൈയിലുമാണ് വെടിയേറ്റത്. ഉടന്‍തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തീവ്രവാദികള്‍ എന്തുകൊണ്ടാണ് സാമൂഹിക പ്രവര്‍ത്തകനെ ആക്രമിച്ചത് എന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.