നാദാപുരത്ത് ഇനി വിവാഹങ്ങള്‍ പൊലീസ് നിരീക്ഷണത്തില്‍

Share our post

കോഴിക്കോട്: ഇനി നാദാപുരത്ത് വിവാഹങ്ങള്‍ പൊലീസിന്റെ നീരീക്ഷണത്തിലായിരിക്കും. നാദാപുരം മേഖലയില്‍ വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട് പതിവായി സംഘര്‍ഷങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഡിവൈഎസ്പി എപി ചന്ദ്രന്റെ യോഗത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം വിവാഹ വേദികളിലെ സംഗീത പരിപാടികള്‍ക്കും ഡിജെയ്ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.

വിവാഹാഘോഷങ്ങളുടെ ഭാഗമായി റോഡ് ഗതാഗതം തടസപ്പെടുത്തുന്ന നിലയില്‍ വാഹനങ്ങള്‍ ഓടിച്ചാലും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന രീതി സൃഷ്ടിച്ചാലും കര്‍ശനനടപടി സ്വീകരിക്കും. ദിവസങ്ങള്‍ക്ക് മുന്‍പ് നാദാപുരം കല്ലുമ്മലില്‍ വിവാഹ വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിനെ തുടര്‍ന്ന് വിവാഹ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.

പുലിയാവില്‍, കല്ലുമ്മല്‍ എന്നിവിടങ്ങളില്‍ നടന്ന വിവാഹങ്ങള്‍ക്കു ശേഷം റോഡില്‍ ഇരുദിശയില്‍ വന്ന വാഹനങ്ങള്‍ തമ്മില്‍ ഉരസുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റത്തിലേക്കും പിന്നീട് കയ്യാങ്കളിയിലും കാര്യങ്ങള്‍ കലാശിക്കുകയായിരുന്നു. രണ്ടു വാഹനങ്ങളുടെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ ഒരു വയസ്സുള്ള കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രദേശത്തെ ആഘാഷങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍, വിവാഹവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ തുടര്‍ച്ചയായതോടെയാണ് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്.

ആഘോഷപരിപാടികള്‍ക്കായി എത്തിക്കുന്ന വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി പൊലീസ് പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ ഒഴിവാക്കണം. അല്ലെങ്കില്‍ വാഹനം കണ്ടുകെട്ടുന്ന നടപടി സ്വീകരിക്കും. രാത്രിയില്‍ ഉച്ചത്തിലുള്ള വിവാഹ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു. വാട്സ്ആപ്പ്, ഫെയ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ പോസ്റ്റ് ചെയ്യുന്നവരെ നിരീക്ഷിക്കാനും കേസെടുക്കാനും സര്‍വകക്ഷി യോഗം തീരുമാനിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!