തെരുവുവിളക്ക് കത്തിക്കാൻ കെ.എസ്.ഇ.ബി-ക്ക് കമ്പിയില്ല, എ.ബി.സിയും കിട്ടാനില്ല; തദ്ദേശസ്ഥാപനങ്ങൾ ‘ഷോക്കിൽ’

കണ്ണൂര്‍: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പലേടത്തും തെരുവുവിളക്കുകള്‍ കത്താത്തതില്‍ ആശങ്കപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍. വൈദ്യുതിവകുപ്പിന് ലൈന്‍കമ്പി (അലൂമിനിയം കണ്ടക്ടര്‍ സ്റ്റീല്‍ റീയിന്‍ഫോഴ്‌സ്ഡ് – എസിഎസ്ആര്‍ റാബിറ്റ്) ഇല്ലാത്തതാണ് തടസ്സം. തദ്ദേശസ്ഥാപനങ്ങള്‍ കെഎസ്ഇബിയില്‍ മുന്‍കൂട്ടി പണം അടച്ച് കാത്തിരിക്കുകയാണ്.
തെരുവുവിളക്കുകളുടെ ഉടമ തദ്ദേശസ്ഥാപനങ്ങളാണ്. ലൈന്‍ വലിക്കലും സ്ഥാപിക്കലും നടത്തേണ്ടത് വൈദ്യുതി ബോര്‍ഡും. ഒരു ഡിവിഷനില്‍ ശരാശരി 50 കിലോമീറ്റര്‍ കമ്പി ആവശ്യമുണ്ട്. സര്‍വീസ് കണക്ഷന്‍, അറ്റകുറ്റപ്പണി, ട്രാന്‍സ്‌ഫോര്‍മര്‍ ലൈന്‍ വലിക്കല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യേണ്ടതുണ്ട്. തൃക്കരിപ്പൂര്‍ പഞ്ചായത്ത് 38 ലക്ഷം രൂപ അടച്ച് കാത്തിരിക്കുകയാണെന്ന് പ്രസിഡന്റ് വി.കെ. ബാവ പറഞ്ഞു.
പല തദ്ദേശസ്ഥാപനങ്ങളും ലക്ഷങ്ങളാണ് മുന്‍കൂട്ടി അടച്ചത്. ലൈന്‍ കമ്പിക്ക് പകരം ആവരണമുള്ള കേബിള്‍ (ഏരിയല്‍ ബഞ്ച്ഡ് കേബിള്‍-എബിസി) ഉപയോഗിക്കാന്‍ ബോര്‍ഡ് ഇടയ്ക്ക് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതിന്റെ കുറവും തിരിച്ചടിയായി. പിന്നീട് കമ്പികൊണ്ടുതന്നെ ലൈന്‍ വലിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ കമ്പി കിട്ടാത്തതിനാല്‍ തെരുവുവിളക്ക് കത്തിക്കല്‍ മുടങ്ങി.
തെരുവുവിളക്ക് വാര്‍ഡിന്റെ അടിസ്ഥാന ആവശ്യമായതിനാല്‍ തദ്ദേശസ്ഥാപനങ്ങള്‍ വൈദ്യുതിവകുപ്പുമായി കൊമ്പുകോര്‍ക്കുകയാണ്. ലൈന്‍ കമ്പിക്ക് ഓര്‍ഡര്‍ നല്‍കിയെങ്കിലും സെക്ഷന്‍ ഓഫീസുകളില്‍ കിട്ടാനില്ല. ടെന്‍ഡര്‍ കൊടുത്ത ട്രാക്കോ കേബിള്‍സില്‍നിന്ന് വൈദ്യുതിവകുപ്പിന് കമ്പി (എസിഎസ്ആര്‍ കണ്ടക്ടര്‍) ലഭിച്ചിരുന്നില്ല. പിന്നീട് മറ്റു കമ്പനികള്‍ക്ക് ടെന്‍ഡര്‍ നല്‍കുകയായിരുന്നു. അതും വൈകി.
എ.ബി.സിയും കിട്ടാനില്ല
നിലവില്‍ ഉപയോഗിക്കുന്ന ലൈന്‍ കമ്പി (എസിഎസ്ആര്‍) ഘട്ടംഘട്ടമായി മാറ്റാനാണ് ബോര്‍ഡ് തീരുമാനം. ഇതുപ്രകാരം പര്‍ച്ചേസ് മാന്വലില്‍ ലൈന്‍ കമ്പി വാങ്ങല്‍ കുറയ്ക്കുകയും ചെയ്തു. ഇതിന് പകരം തൂണുകളില്‍ ആവരണമുള്ള ഏരിയല്‍ ബഞ്ച്ഡ് കേബിള്‍ (എബിസി) വലിക്കുകയാണ് ലക്ഷ്യം. സാധാരണ ലൈന്‍ കമ്പിയെക്കാള്‍ അഞ്ചിരട്ടി തുക എബി കേബിളിന് വേണം എന്നതിനാല്‍ ആ പ്രവൃത്തിയും മെല്ലെയാണ്.