മട്ടന്നൂരിൽ വയോധിക പൊള്ളലേറ്റു മരിച്ചു

മട്ടന്നൂർ: വയോധികയെ വീടിന് സമീപത്തെ കുളിമുറിയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരിപ്പൊയിൽ കുഴിക്കലിലെ പുഷ്പാലയത്തിൽ പി.എം.പുഷ്പാവതിയമ്മ(87)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സമീപവാസികൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.
തനിച്ചു താമസിക്കുന്ന ഇവർ കുളിമുറിയിൽ തന്നെയുള്ള അടുപ്പിൽ നിന്നാണ് വെള്ളം ചൂടാക്കി കുളിക്കാറുള്ളത്. സ്വയം തീ കൊളുത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. വെള്ളം ചൂടാക്കുന്നതിനിടെ തീപിടിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. മട്ടന്നൂർ ഇൻസ്‌പെക്ടർ എം.അനിലിന്റെ നേതൃത്വത്തിൽ പോലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
ഭർത്താവ്: പരേതനായ അച്യുതൻ അടിയോടി. മക്കൾ: മാലതി,മായജ,ശ്രീജ,ഗിരിജ,ഗീത. മരുമക്കൾ: പി.കെ.വാസുദേവൻ,ഹരീഷ്,മോഹനൻ,പ്രകാശൻ,കെ.പി.രമേശൻ(ആർജെഡി സംസ്ഥാന കമ്മിറ്റിയംഗം). മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.