ഇരുചക്രവാഹനങ്ങള്‍ സര്‍വീസ് റോഡ് ഉപയോഗിച്ചാല്‍ മതി; പുതിയ ദേശീയപാതയില്‍ ‘നോ എൻട്രി

Share our post

കണ്ണൂർ: രാജ്യത്തെ ഏറ്റവും വലിയ റോഡ് ശൃംഖലയില്‍പെട്ട ദേശീയപാതയാണ് കന്യാകുമാരി -പൻവേല്‍. ദേശീയപാത -66 എന്ന പേരില്‍ അറിയപ്പെടുന്ന ഈ പാത കേരളത്തിന്റെ കാസർഗോഡ് മുതല്‍ തിരുവനന്തപുരം വരെ വിശാലമായി നിരന്ന് കിടക്കുകയാണ്. 2026 ആകുമ്പോഴേക്കും പണി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ദേശീയപാതയില്‍ ഇരുചക്ര വാഹനങ്ങള്‍ക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ആറുവരി പാതയില്‍ വിശാലമായ റോഡ് ഉണ്ടെങ്കിലും ഇരുചക്ര വാഹനങ്ങള്‍ക്ക് സർവീസ് റോഡ് തന്നെ രക്ഷ. നിലവില്‍ എക്‌സ്പ്രസ് ഹൈവേകളിലും ഇരുചക്രവാഹനങ്ങള്‍ക്ക് പ്രവേശനമില്ല. അവിടെയും സർവീസ് റോഡിലൂടെയാണ് യാത്ര.

ഈയൊരു തീരുമാനം ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാർക്ക് വളരെ ക്ലേശകരമായിരിക്കും. കാരണം കേരളത്തില്‍ ബൈപ്പാസുകളില്‍ ഉള്‍പ്പെടെ പലസ്ഥലത്തും സർവീസ് റോഡുകള്‍ ഇല്ല. അത്തരം സ്ഥലങ്ങളില്‍ പഴയ റോഡ് വഴി പോയി വീണ്ടും സർവീസ് റോഡിലേക്ക് കടക്കണം. കൂടാതെ പാലങ്ങളിലും സർവീസ് റോഡില്ല. പുഴ കടക്കാൻ വേറെ വഴിയുമില്ല. അതിനാല്‍ തന്നെ അവിടെ മാത്രം ഇരുചക്രവാഹനങ്ങളെ അനുവദിക്കാൻ ധാരണയായിട്ടുണ്ട്. 60 മീറ്ററിലെ ആറുവരിപ്പാത 45 മീറ്ററിലേക്ക് ചുരുങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ ഞെരുങ്ങിയത് സർവീസ് റോഡുകളാണ്. നിലവില്‍ ഇരുചക്രവാഹനം ഉള്‍പ്പെടെ വേഗം കുറഞ്ഞ വണ്ടികള്‍ ആറുവരിപ്പാതയിലെ ഏറ്റവും ഇടതുവശത്തെ ലൈനിലൂടെ അനുവദിക്കാമെന്ന നിർദേശം സർക്കാരിന് മുന്നിലുണ്ട്. കൂടാതെ പൊതുഗതാഗതം ആശ്രയിക്കുന്നവരും ബുദ്ധിമുട്ടും. സർവീസ് റോഡില്‍ ബസ്ബേയില്ല. ബസ് ഷെല്‍ട്ടർ മാത്രം. ഇതിന് നാലരമീറ്റർ നീളവും 1.8 മീറ്റർ വീതിയും രണ്ടുമീറ്റർ വീതിയുള്ള നടപ്പാതയിലാണ് (യൂട്ടിലിറ്റി കോറിഡോർ) ഷെല്‍ട്ടർ സ്ഥാപിക്കുക. തലപ്പാടി-ചെങ്കള (39 കി.മീ) ദൂരത്തില്‍ ഇരു സർവീസ് റോഡുകളിലുമായി 77 സ്ഥലങ്ങളില്‍ ബസ് ഷെല്‍ട്ടറുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!