സമാധാനം പുലരണം’; ഭീകരാക്രമണത്തിനെതിരെ തെരുവിലിറങ്ങി കശ്മീർ ജനത, കറുപ്പണിഞ്ഞ് കശ്മീരിലെ പത്രങ്ങൾ

Share our post

ശ്രീനഗർ: പഹൽഗാം ഭീകരാക്രണത്തിനെതിരെ പ്രതിഷേധവുമായി കശ്മീരി ജനത തെരുവിൽ. ശാന്തി ഉറപ്പാക്കാൻ അധികാരികൾ ശക്തമായ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ആണ് പ്രതിഷേധം. ജമ്മു കാശ്മീരിൽ വ്യാപാര സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുകയാണ്. ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കശ്മീരിലെ പത്രങ്ങൾ ഒന്നാം പേജ് കറുത്ത നിറത്തിൽ അച്ചടിച്ചു.

ഇവിടെ ഹിന്ദു – മുസ്ലിം വേർതിരിവില്ല. ഞങ്ങൾക്ക് ജീവിക്കണം ഈ നാട്ടിൽ. സമാധാനം പുലരണം’ എന്നാണ് തെരുവിലിറങ്ങിയ കശ്മീർ ജനത ആവശ്യപ്പെടുന്നത്. വിനോദസഞ്ചാരികൾ ഭയമില്ലാതെ കശ്മീരിലേക്ക് ഒഴുകിയെത്തിയതോടെ മെച്ചപ്പെട്ട ജീവിത നിലവാരത്തിന് ഇനി എന്തു സംഭവിക്കുമെന്ന് ജനങ്ങൾക്ക് ആശങ്കയുണ്ട്.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജമ്മു കാശ്മീർ സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നൽകും. പ്രിയപ്പെട്ടവരുടെ നഷ്ടത്തിന് എത്ര പണം നൽകിയാലും പകരമാകില്ല എന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുപോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ നടുക്കിയ കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരെയും തിരിച്ചറിഞ്ഞു. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്രയിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്ര, കേരളം, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയിൽ ഉള്ളത്. നേപ്പാളിൽ നിന്നുള്ള ഒരാളും മരിച്ചു.

ശ്രീനഗറിൽ എത്തിച്ച മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. കൊല്ലപ്പെട്ട മലയാളി കൊച്ചി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം എയർ ഇന്ത്യ വിമാനത്തിൽ ഒരു മണിയോടെ ദില്ലിയിൽ എത്തിക്കും. അവിടെ നിന്ന് 4.30 നുള്ള എയർ ഇന്ത്യ വിമാനത്തിൽ 7.30 ഓടുകൂടി നെടുമ്പാശേരിയിലെത്തിക്കും. അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ 17 പേരിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

പഹൽഗാം ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ ലഷ്ക്കർ ഇ ത്വയ്ബയുടെ കൊടും ഭീകരൻ സൈഫുള്ള കസൂരിയെന്ന് വിവരം. പാകിസ്ഥാനിൽ ഇരുന്നാണ് ആക്രമണം നിയന്ത്രിച്ചതെന്നും രഹസ്യാന്വേഷണ വിവരം. കാശ്മീരിൽ പോയി ഭീകര പരിശീലനം നേടിയവരാണ് ആക്രമണം നടത്തിയത് എന്നുമാണ് റിപ്പോർട്ട്. വിനോദ സഞ്ചാരികളെ വെടിവെച്ചുകൊന്ന ഭീകര സംഘത്തിൽ ആര് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പ്രാദേശിക ഭീകരരാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!