കൃഷിക്കൂട്ടായ്മയിൽ ‘മട്ടന്നൂർ ചില്ലി ’ വിപണിയിലേക്ക്

മട്ടന്നൂർ: കൃഷിക്കൂട്ടങ്ങളിലൂടെ ‘ മട്ടന്നൂർ ചില്ലി ’ മുളകുപൊടി വിപണിയിലേക്ക്. ‘ഒരു തദ്ദേശ സ്ഥാപനം ഒരു ഉൽപ്പന്നം’ പദ്ധതിയിൽ മട്ടന്നൂർ നഗരസഭയിലെ 15 കൃഷിക്കൂട്ടങ്ങളുടെ ഗ്രൂപ്പ് സംരംഭം വഴിയാണ് മുളക് ഉൽപ്പാദിപ്പിച്ചത്. കൃഷിക്കൂട്ടങ്ങൾക്ക് അത്യുൽപ്പാദനശേഷിയുള്ള 4,500 തൈകളും ജൈവവളവും നൽകിയായിരുന്നു പദ്ധതിക്ക് തുടക്കം. വിവിധ ഗ്രൂപ്പുകൾ നട്ടുനച്ചുവളർത്തിയ 15 പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും വിളവെടുപ്പ് തുടങ്ങി. വിളവെടുത്തവ ഉണക്കി മുളക് പൊടിയാക്കി കുടുംബശ്രീ മുഖേന വിപണിയിലിറക്കാനാണ് തീരുമാനം. അടുത്ത വർഷം കൂടുതൽ പ്രദേശങ്ങളിലേക്ക് കൃഷി വ്യാപിപ്പിച്ച് സ്വയം പര്യാപ്തതയിലെത്തിക്കാനും നഗരസഭാ കാർഷിക വികസന സമിതി തീരുമാനിച്ചിട്ടുണ്ട്. ഇടവേലിക്കൽ കാനം ഗ്രൂപ്പിൽ വിളവെടുപ്പ് നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് ഉദ്ഘാടനംചെയ്തു.