പേരാവൂരിൽ ജലസ്രോതസ്സിലേക്ക് മാലിന്യം ഒഴുക്കിയതിന് നിരവധി സ്ഥാപനങ്ങൾക്ക് പിഴ

പേരാവൂർ: സ്ഥാപനങ്ങളിലെ മാലിന്യം പൊതു ഓടയിലൂടെ തോടിലേക്ക് ഒഴുക്കിയതിന് പേരാവൂരിലെ നിരവധി സ്ഥാപനങ്ങൾക്ക് പഞ്ചായത്ത് പിഴയിടുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. മലിന ജലം ഓടയിലേക്ക് ഒഴുക്കിയതിന് ടൗണിലെ നാലു ഹോട്ടലുകൾക്ക് കാൽ ലക്ഷം രൂപ വീതമാണ് പിഴ ചുമത്തിയത്. മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് രണ്ട് സ്ഥാപനങ്ങൾക്ക് രണ്ടായിരം രൂപ വീതവും പിഴയിട്ടു. മാലിന്യ സംസ്‌കരണം കൃത്യമായി ഒരുക്കാത്തതിന് മൂന്ന് മീൻ കടകൾ രണ്ട് കോഴിക്കടകൾ, മൂന്ന് തട്ട് കടകൾ, ബ്യൂട്ടി പാർലർ, ബേക്കറി, ഹോട്ടൽ എന്നിവക്ക് മുന്നറിയിപ്പ് നോട്ടീസും നല്കി. പേരാവൂർ പഞ്ചായത്ത് ഭരണസമിതിയുടെ ശക്തമായ ഇടപെടലാണ് ജലസ്രോതസ്സിലേക്ക് മലിനജലം ഒഴുക്കിയവർക്കെതിരെ കർശന നടപടിയുണ്ടാവാൻ കാരണം. തോടിലും ടൗണിലേക്ക് കുടിവെള്ളം സംഭരിക്കുന്ന കാഞ്ഞിരപ്പുഴയിലേക്കും മലിന ജലം ഒഴുക്കുന്നതിനെതിരെ ന്യൂസ് ഹണ്ട് വാർത്ത നല്കിയിരുന്നു. ടൗണിലെ മാലിന്യം ഒഴുകിയെത്തി പകർച്ച വ്യാധികളും കൊതുകുശല്യവുമുണ്ടാവുന്നതിൽ ടൗൺ പരിസരത്തെ വീട്ടുകാരും മുള്ളേരിക്കൽ നിവാസികളും പരാതിയുമായി രംഗത്തെത്തിയിരുന്നു.