വളപട്ടണം പുഴയിൽ നിന്നു മണലൂറ്റാൻ 25 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് കരാർ; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

Share our post

പാപ്പിനിശ്ശേരി: ജനവാസ കേന്ദ്രമായ പാപ്പിനിശ്ശേരി ബോട്ടുജെട്ടിക്ക് സമീപം മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താനുളള യൂണിറ്റ് തുടങ്ങുന്നു. ഒരു പ്രദേശത്തിന്റെ ആകെ ശുദ്ധജല ലഭ്യത പ്രശ്നവും പരിസ്ഥിതി പ്രശ്നവും ഉന്നയിച്ചു നാട്ടുകാർ ജനകീയ പ്രക്ഷോഭത്തിലേക്ക്. അഴീക്കൽ തുറമുഖത്തെ കപ്പൽ ചാലിന് ആഴം കൂട്ടാൻ എന്ന പേരിൽ വളപട്ടണം പുഴയിൽ നിന്നു മണൽ ശേഖരിക്കാനാണ് സ്വകാര്യ കമ്പനിക്ക് അനുമതി കൊടുത്തിരിക്കുന്നത്. മണലൂറ്റാൻ 25 വർഷത്തേക്കാണ് സ്വകാര്യ കമ്പനി കരാർ എടുത്തിരിക്കുന്നത്.

അഴീക്കൽ തുറമുഖ പരിസരത്തു തന്നെ ഒട്ടേറെ സ്ഥലസൗകര്യം ഉണ്ടായിട്ടും അവ ഉപയോഗപ്പെടുത്താതെ ലക്ഷക്കണക്കിന് ടൺ പുഴമണൽ പാപ്പിനിശ്ശേരി തീരത്ത് ശേഖരിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇവിടെ തന്നെ കൂറ്റൻ മണൽ ഫിൽറ്ററിങ് കേന്ദ്രവും തുടങ്ങും. അനിയന്ത്രിതമായി മണലൂറ്റ് നടക്കുന്നതിനാൽ കരയിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശം കൂടിയാണ്. ഇവിടെ തന്നെ വീണ്ടും മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താൻ തീരുമാനിക്കുന്നത് പരിസ്ഥിതി നാശത്തിനും ഇടയാക്കും.

ഫിൽറ്ററിങ് പ്രദേശത്തെ കിണറുകളിൽ ഉപ്പുവെള്ളം കയറാൻ സാധ്യത ഏറെയാണെന്നു പ്രദേശവാസികൾ പരാതിപ്പെട്ടു. ഇതോടൊപ്പം മണൽ കയറ്റാൻ നൂറുകണക്കിന് വാഹനങ്ങൾ കടന്നുവരുന്നതും പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുമെന്നും പരാതിയുണ്ട്. മണലൂറ്റൽ കേന്ദ്രത്തിനെതിരെ 25ന് 4ന് പാപ്പിനിശ്ശേരി ബോട്ടുജെട്ടി പരിസരത്തു നിന്നും പ്രതിഷേധ പ്രകടനവും, ഹാജിറോഡിൽ പ്രതിഷേധ സംഗമവും നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!