കോളയാട് ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവൃത്തി പാതിവഴിയിൽ നിലച്ചിട്ട് മാസങ്ങൾ

കോളയാട് : മിനി സ്റ്റേഡിയത്തിൽ നിർമിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവൃത്തി പാതി വഴിയിൽ നിലച്ചിട്ട് മാസങ്ങൾ. നിർമാണ പ്രവൃത്തിക്ക് ഇടെ കരാറുകാരൻ മരിക്കുകയും റീ ടെൻഡർ നടപടികൾ പൂർത്തിയാകാത്തതും ആണ് പ്രവൃത്തി നിലയ്ക്കാൻ കാരണമായത്. അഞ്ച് കോടി രൂപ ചെലവിൽ ആണ് കോളയാട് പഞ്ചായത്തിനോട് ചേർന്നുള്ള മൈതാനത്തിൽ നിർമാണം ആരംഭിച്ചത്.
കായിക വകുപ്പ് മന്ത്രി ആയിരിക്കെ ഇ.പി.ജയരാജൻ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപ ചെലവിൽ നിർമിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ വോളിബോൾ, ഷട്ടിൽ എന്നീ കായിക ഇനങ്ങൾ നടത്താം. കോളയാട്ടെയും പരിസര പ്രദേശങ്ങളിലെയും കായിക താരങ്ങളെ കണ്ടെത്തി വളർത്തി എടുക്കുക എന്ന വിപുലമായ ലക്ഷ്യം ആയിരുന്നു ഈ ഇൻഡോർ സ്റ്റേഡിയം നിർമാണത്തിന് പിന്നിൽ ഉണ്ടായിരുന്നത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും സ്റ്റേഡിയത്തിന്റെ പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയാത്തത് കൊണ്ട് കായിക താരങ്ങൾക്ക് എന്ന പോലെ കായിക പ്രേമികളും ഏറെ നിരാശയിലാണ്.
റീ ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കി പ്രവൃത്തി പുനരാരംഭിക്കും എന്ന് ബന്ധപ്പെട്ട അധികൃതർ പറയുന്നുണ്ടെങ്കിലും ഇത് എപ്പോൾ നടക്കും എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. വലിയ സൗകര്യം ഉണ്ടായിരുന്ന ഒരു മിനി സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്തായി നിർമിച്ചിട്ടുള്ള ഈ ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവൃത്തി പാതി വഴിയിൽ നിലച്ചത് ഫലത്തിൽ കായിക താരങ്ങൾക്ക് നേരത്തെ കിട്ടിയിരുന്ന സൗകര്യം പോലും ഇല്ലാതാക്കി എന്നാണ് കായിക പ്രേമികൾ പറയുന്നത്.