288 മണിക്കൂറിൽ സ്വർണത്തിൽ വ്യത്യാസം 6,320 രൂപ; ഈ പോക്കുപോയാൽ അകലെയല്ല മുക്കാൽ സെഞ്ചുറി

കണ്ണൂർ: കേരളത്തിൽ സ്വർണവില അതിവേഗം കുതിക്കുന്നു. വിവാഹ സീസൺ തുടങ്ങിയതോടെ പല കുടുംബങ്ങളിലും ആശങ്ക ജനിപ്പിച്ചാണ് സ്വർണത്തിന്റെ കുതിപ്പ്. ഇന്ന് പവൻവില 72,120 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് ഗ്രാമിന് 95 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണം ലഭിക്കാൻ നല്‌കേണ്ടത് 9,015 രൂപയാണ്. പവൻ വിലയിലാകട്ടെ 24 മണിക്കൂറിലെ മാറ്റം 560 രൂപയാണ്. വെള്ളിവില 109 രൂപയിൽ തന്നെ നിൽക്കുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വില 7,410 രൂപയായും ഉയർന്നു.