കണ്ണൂരിന്റെ തുമ്പൂര്‍മുഴി; മാലിന്യ സംസ്‌കരണത്തിന്റെ പുതിയ മുഖം

ജൈവ മാലിന്യങ്ങളും ജന്തുജന്യ മാലിന്യങ്ങളും പ്രായോഗിക രീതിയില്‍ സംസ്‌കരിക്കാന്‍ ജില്ലയില്‍ നടപ്പിലാക്കിയ തുമ്പൂര്‍മുഴി കമ്പോസ്റ്റിംഗ് സംവിധാനം മാലിന്യ സംസ്‌കരണത്തിന് പുതിയമുഖം നല്‍കുന്നു. 70 ശതമാനം സ്വച്ഛ് ഭാരത് മിഷന്റെയും 30 ശതമാനം പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് ശുചിത്വമിഷന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കിയത്. ജില്ലയില്‍ 59 ഇടങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഇതില്‍ ജില്ലയിലെ 27 ഗ്രാമ പഞ്ചായത്തുകള്‍, രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, ആറ് നഗരസഭ, ഒരു കോര്‍പറേഷന്‍ എന്നിങ്ങനെ 36 ഇടങ്ങളില്‍ നിലവില്‍ തുമ്പൂര്‍മുഴി പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ ആദ്യമായി പദ്ധതി പ്രാവര്‍ത്തികമാക്കിയത് ആന്തൂര്‍ നഗരസഭയിലാണ്. ഹരിതകര്‍മ സേനയാണ് ഈ പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്. ഇതിലൂടെ ശേഖരിക്കുന്ന വളം വില്‍പ്പന നടത്തുന്നുമുണ്ട്.
കടന്നപ്പള്ളി – പാണപ്പുഴ, കുറുമാത്തൂര്‍, ചെങ്ങളായി, പരിയാരം, എരഞ്ഞോളി, ചെറുകുന്ന്, ചൊക്ലി, കതിരൂര്‍, തൃപ്പങ്ങോട്ടൂര്‍, കുന്നോത്തു പറമ്പ്, കോട്ടയം, കരിവെള്ളൂര്‍ – പെരളം, കുഞ്ഞിമംഗലം, കാങ്കോല്‍ – ആലപ്പടമ്പ, പെരിങ്ങോം – വയക്കര, എരമം – കുറ്റൂര്‍, മാലൂര്‍, കോളയാട്, കേളകം, തില്ലങ്കേരി, ആറളം, അയ്യന്‍കുന്ന്, ചിറക്കല്‍, മയ്യില്‍, ഏരുവേശ്ശി, കുറ്റിയാട്ടൂര്‍, കടമ്പൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലും പയ്യന്നൂര്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലും ആന്തൂര്‍, തലശ്ശേരി, പയ്യന്നൂര്‍, ഇരിട്ടി, ശ്രീകണ്ഠപുരം, തളിപ്പറമ്പ നഗരസഭകളിലും കണ്ണൂര്‍ കോര്‍പറേഷനിലുമാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. വളരെ ചെലവുകുറഞ്ഞതും പൂര്‍ണമായും പരിസ്ഥിതി സൗഹൃദപരമായ കമ്പോസ്റ്റിംഗ് രീതി എന്ന നിലയിലും മാലിന്യ നിര്‍മാര്‍ജനത്തിന് ഏറ്റവും അനുയോജ്യമായ രീതി എന്ന നിലയിലും ആഗോളതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുള്ള സാങ്കേതിക വിദ്യയാണിത്. ഇന്ത്യന്‍ ഗ്രാമീണ കാര്‍ഷിക മേഖലയിലെ ഏറ്റവും ഉപയുക്തമായ നാല് മാലിന്യ സംസ്‌കരണ മാര്‍ഗങ്ങളില്‍ ഒന്നായി യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം കാലാവസ്ഥാ നിയന്ത്രണ കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്നത് തുമ്പൂര്‍മുഴി മോഡല്‍ എയ്റോബിക് കമ്പോസ്റ്റിംഗ് സാങ്കേതിക വിദ്യയാണ്.