ലഹരിവേട്ട: പോലീസിൽ പ്രത്യേക വിഭാഗം രൂപവത്കരിക്കാൻ ശുപാർശ

തിരുവനന്തപുരം: ലഹരിവേട്ടയ്ക്കായി പോലീസിൽ പ്രത്യേക വിഭാഗം രൂപവത്കരിക്കാൻ ശുപാർശ. എല്ലാ സബ് ഡിവിഷനുകളിലും മൂന്നു വീതം പ്രത്യേക സംഘങ്ങളെ നിയോഗിക്കണമെന്ന ശുപാർശയാണ് പോലീസ് ആസ്ഥാനത്തുനിന്ന് സർക്കാരിനു നൽകിയത്. ഈ വിഭാഗത്തിന്റെ മേൽനോട്ടത്തിനായി ഒരു എൻഫോഴ്‌സ്‌മെന്റ് ഡിഐജിയുടെ തസ്തിക സൃഷ്ടിക്കാനും ശുപാർശയുണ്ട്.കേരളത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ലഹരി മാഫിയയ്ക്കു തടയിടുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണിത്.
ജില്ലകളിൽ നിലവിലുള്ള ഡാൻസാഫിനു പുറമേയാണ് പ്രത്യേക സംഘം. ഡിവൈഎസ്‌പി അല്ലെങ്കിൽ അസിസ്റ്റന്റ് കമ്മിഷണർക്കു കീഴിൽ വരുന്നതാണ് ഒരോ സബ് ഡിവിഷനും.ഒരോ സബ് ഡിവിഷനിലും ലഹരിയിടപാടുകാരെ നിരീക്ഷിക്കുന്നതും അത്തരക്കാരുടെ പട്ടിക തയ്യാറാക്കുന്നതും ലഹരിവസ്തുക്കൾ പിടികൂടുന്നതിനായി പരിശോധനകൾ നടത്തുന്നതും ഈ പ്രത്യേക വിഭാഗത്തിന്റെ ചുമതലയിൽ വരും. സബ് ഡിവിഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക സംഘം വരുന്നതോടെ ലഹരിക്കെതിരേയുള്ള നടപടികൾ കൂടുതൽ ശക്തമാകുമെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ലഹരിയിടപാടുകാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികൾ പോലീസ് സ്വീകരിക്കുന്നുണ്ട്. കേരളത്തിലെ ലഹരികടത്തും ഉപഭോഗവും തടയുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും യോഗങ്ങൾ ചേർന്നിരുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ലഹരിയെത്തുന്നതു തടയാൻ അതത് സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായോ എഡിജിപിമാരുമായോ സംസ്ഥാന പോലീസ് ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളാണ് ലഹരിവേട്ട നടത്തുന്നത്. ഇതു ഫലപ്രദമാണെന്നു കണ്ടതോടെയാണ് സംസ്ഥാനത്തും ഈ രീതി സ്വീകരിക്കാൻ ശ്രമിക്കുന്നത്.