കൈതപ്രം രാധാകൃഷ്‌ണൻ വധം: സന്തോഷിന് തോക്ക് നൽകിയ പ്രതി അറസ്റ്റിൽ

കണ്ണൂർ : കൈതപ്രത്തെ പ്രാദേശിക ബിജെപി നേതാവും ഗുഡ്‌സ് ഡ്രൈവറുമായ കെ.കെ രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസിൽ പ്രതി സന്തോഷിന് തോക്ക് എത്തിച്ച് നൽകിയയാൾ അറസ്റ്റിൽ. പെരുമ്പടവ് അടുക്കത്തെ വെട്ടുപാറ വീട്ടിൽ സിജോ ജോസഫിനെയാണ്(35) കേസന്വേഷിക്കുന്ന പരിയാരം എസ്എച്ച്‌ഒ എം.പി.വിനീഷ് കുമാർ അറസ്റ്റ് ചെയ്തത്.
ഇയാളുടെ കെഎൽ-60 എ 3401 ആൾട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ പ്രതി സന്തോഷിന് രാധാകൃഷ്ണനെ വെടിവെച്ചുകൊല്ലാനുള്ള തോക്ക് നൽകിയത് സിജോയാണെന്ന് ചോദ്യം ചെയ്യലിൽ സന്തോഷ് വെളിപ്പെടുത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സിജോയുടെ കാറിലാണ് തോക്ക് പെരുമ്പടവിൽ എത്തിച്ചതെന്ന് വ്യക്തമായതിനെതുടർന്നാണ് അറസ്റ്റ് ചെയ്തത്.സന്തോഷ് ഈ തോക്കുമായി ഓട്ടോറിക്ഷയിലാണ് കൈതപ്രത്ത് എത്തി രാധാകൃഷ്ണനെ വെടി വെച്ചു കൊന്നത്. മാർച്ച് 20 നാണ് രാധാകൃഷ്ണൻ പുതുതായി പണിയുന്ന വീടിന് സമീപം വെച്ച് രാത്രി ഏഴോടെ കൊല്ലപ്പെട്ടത്. എസ്ഐ സി.സനീത്, എഎസ്ഐ ചന്ദ്രൻ, സിപിഒ ഷിബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.