വാട്സാപ്പിൽ ട്രാഫിക് നിയമലംഘനസന്ദേശം കിട്ടിയാൽ തൊട്ടുപോകരുത്, ക്രെഡിറ്റ് കാർഡിൽനിന്നുവരെ പണംപോകും

Share our post

കൊച്ചി: ഗതാഗതനിയമലംഘനം നടത്തിയെന്ന സന്ദേശം വാട്സാപ്പിൽ ലഭിച്ചാൽ തൊട്ടുപോകരുത്. പണം ക്രെഡിറ്റ് കാർഡിൽനിന്നുവരെ അപഹരിക്കപ്പെടും. എറണാകുളം സ്വദേശിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 20,000 രൂപയാണ് ഇത്തരത്തിൽ അപഹരിച്ചത്.

എറണാകുളം സ്വദേശിയുടെ അനുഭവം ഇങ്ങനെ

ഏപ്രിൽ 11-ന് രാവിലെ 11-ന് നിങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനം ട്രാഫിക് നിയമലംഘനം നടത്തിയെന്നും ചെലാൻ ലഭിക്കാൻ മെസേജിന് ഒപ്പമുള്ള പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നുമായിരുന്നു വാട്സാപ്പ് ‌സന്ദേശം. ചെലാൻ നമ്പർ, ട്രാഫിക് നിയമലംഘനം നടത്തിയതിന്റെ തീയതി, വാഹന നമ്പർ എന്നിവയടക്കമായിരുന്നു സന്ദേശം. വാട്‌സാപ്പ് നമ്പറിന്റെ ഡിപി മോട്ടോർവാഹന വകുപ്പിന്റേതെന്ന് തോന്നിപ്പിക്കുന്ന എംബ്ലമായിരുന്നു.

ആപ്പ് ഡൗൺലോഡ് ചെയ്തപ്പോൾ ചെലാൻ ലഭിക്കാൻ ഒരു രൂപ അടയ്ക്കണമെന്ന സന്ദേശം കിട്ടി. ഇത് 24 മണിക്കൂറിനുള്ളിൽ തിരികെ ലഭിക്കുമെന്നും അറിയിച്ചു. സംശയം തോന്നിയതിനാൽ പണം അടച്ചില്ല. പക്ഷേ, ഡൗൺലോഡ് ചെയ്ത ആപ്പ് ഡിലീറ്റ് ചെയ്യാൻ വിട്ടുപോയി.

ഇതിനിടയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മൊബൈൽ ഫോൺ റീ ചാർജ് ചെയ്തു. ഇതിനുപിന്നാലെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 9999 രൂപയുടെ ഇടപാട് നടന്നുവെന്നും ഇത് സംശയകരമായതിനാൽ കാർഡ് ബ്ലോക്ക് ചെയ്യണമെന്നുമുള്ള സന്ദേശം ക്രെഡിറ്റ് കാർഡ് സംരംഭകരിൽനിന്ന് ലഭിച്ചു. കാർഡ് ബ്ലോക്ക് ചെയ്തു. പക്ഷേ, 9999 രൂപയുടെ രണ്ട് ഇടപാടുകൾ നടന്നുവെന്നാണ് ക്രെഡിറ്റ് കാർഡ് അധികൃതർ അറിയിച്ചത്.സുമാറ്റോ വാലറ്റ് ഗുരുഗ്രാം എന്ന അക്കൗണ്ടിലേക്ക് പണം അടച്ചതായ സന്ദേശമാണ് ലഭിച്ചത്.

പരാതിക്കാരന് ലഭിച്ചതരത്തിലുള്ള സന്ദേശം വാട്സാപ്പ് വഴി ആർക്കും അയക്കാറില്ലെന്നാണ് മോട്ടാർ വാഹന വകുപ്പ് അധികൃതർ പറയുന്നത്‌.

പരാതിനൽകാൻ പെടാപ്പാട്

പരാതിയുമായി എളമക്കര പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ 1930 എന്ന നമ്പറിലോ cybercrime.gov.in വെബ് സൈറ്റിലോ പരാതിനൽകണമെന്ന് നിർദേശിച്ചു. ആ നമ്പറും വെബ് സൈറ്റും പലപ്പോഴും ബിസിയാണ്. പരാതിനൽകിയാൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് കൈമാറും. അവിടെ കാലതാമസമുണ്ടാവുമെന്നും പോലീസ് പറയുന്നു.

ക്രെഡിറ്റ് കാർഡുകാർ പറയുന്നത്

ഡിസ്പ്യുട്ട് ഫോം അടക്കം ഫയൽചെയ്തു. കാത്തിരിക്കാനാണ് അവർ പറയുന്നത്. നഷ്ടപ്പെട്ട പണം തിരികെലഭിക്കുമോ എന്നതിൽ ആരും ഉറപ്പുപറയുന്നില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!