കണ്ണൂരിൽ കാപ്പാകേസുകളിൽ വൻ വർദ്ധന

Share our post

കണ്ണൂർ: കഴിഞ്ഞ മൂന്നുവർഷത്തിനിടെ കണ്ണൂർ ജില്ലയിൽ കാപ്പ കേസുകളിൽ വൻ വർദ്ധനവ്.കാപ്പ ചുമത്തിയ കേസുകളിൽ 159 എണ്ണമാണ് 2022ൽ നിന്നും 2024ൽ എത്തുമ്പോൾ വർദ്ധിച്ചിരിക്കുന്നത്. ഏഴു വർഷത്തിനിടയിൽ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയായവർക്കും കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കെടുത്തവർക്കും ആറുമാസത്തിനകം അവസാന കേസിൽ പ്രതിയായവർക്കുമെതിരെയാണ് കാപ്പ ചുമത്തുന്നത്.റൗഡി ലിസ്റ്റിൽ പേരുണ്ടാകുകയും നേരത്തെ 107 വകുപ്പ് പ്രകാരമുള്ള കേസിൽ പ്രതിയാകുകയും വേണം.

റൗഡി ലിസ്റ്റിൽ പേരില്ലെങ്കിലും പ്രതിയെ ഒരുവർഷം വരെ കരുതൽ തടങ്കലിൽ വയ്ക്കാൻ കാപ്പാ ബോർഡിന് അധികാരമുണ്ട്. കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടിയെടുക്കുന്നതാണ് ക്രൈം റേറ്റിലെ വർദ്ധനവെന്നാണ് പൊലീസിന്റെ അവകാശവാദം.

ഏറ്റവുമൊടുവിൽ പ്രതിയായത് യുവതി

ഏറ്റവും ഒടുവിൽ 2025 ൽ തലശ്ശേരി സ്വദേശിനിയായ യുവതിക്കെതിരെയാണ് ജില്ലയിൽ കാപ്പ ചുമത്തിയത്. ഫാത്തിബ ഹബീബ എന്ന യുവതിക്കെതിരെ ലഹരിക്കേസിലാണ് കാപ്പ ചുമത്തിയത്.

വർഷം -കാപ്പ ചുമത്തിയവരുടെ എണ്ണം

2023 -106

2024 – 220

കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് എന്നതാണ് കാപ്പ എന്നറിയപ്പെടുന്നത്. സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി 2007 ലാണ് ഈ നിയമം നിലവിൽ വന്നത്.

ആദ്യം ജയിൽ പിന്നെ നാട് കടത്തൽ

പൊലീസ് ഇൻസ്പെക്ടർ പ്രതിയെ പറ്റിയുള്ള വിശദമായ രേഖ ജില്ല പൊലീസ് മേധാവിക്കും പിന്നീട് കളക്ടർക്കും നൽകും. കളക്ടറാണ് കാപ്പ വാറന്റ് പുറപ്പെടുവിപ്പിക്കുന്നത്. റേഞ്ച് ഡി.ഐ.ജിക്കോ , ഐ.ജിക്കോ പ്രതികളെ ഒരു വർഷം വരെ നാട് കടത്താനുള്ള അധികാരം നിയമത്തിലുണ്ട്. കാപ്പ പ്രാകാരം ജയിലിൽ കഴിയുകയും പുറത്തിറങ്ങിയ ശേഷം വീണ്ടും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവരെ ജില്ലയിൽ നിന്നും നാട് കടത്തും. ഇത് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയാണെങ്കിൽ വീണ്ടും ജയിലിൽ കഴിയേണ്ടി വരും. കാപ്പയിൽ പെട്ട ജയിലിൽ കഴിയുന്നവർക്ക് അപ്പീൽ നൽകാനുള്ള സാദ്ധ്യതകളും നിയമം അനുശാസിക്കുന്നുണ്ട്.

സാമൂഹ വിരുദ്ധപ്രവർത്തനങ്ങൾ തടയാനാണ് കാപ്പ കേസുകൾ ചുമത്തുന്നത്. സാമൂഹിക വിരുദ്ധപ്രവ‌ർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് കാപ്പയുടെ എണ്ണം കൂടിയതും-പൊലീസ് മേധാവിയുടെ കാര്യാലയം


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!