ഉരുൾപ്പൊട്ടലിൽ വയനാടിന്‍റെ കണ്ണീർ കാഴ്ചയായ പുന്നപ്പുഴക്ക് പുതുജീവൻ, ഊരാളുങ്കൽ പഴയ പ്രതാപത്തിലാക്കും

Share our post

കൽപ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞ് കൂടിയ പുന്നപ്പുഴയെ പൂർവ സ്ഥിതിയിലാക്കാനുള്ള നടപടികള്‍ തുടങ്ങി. ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പ്രവൃത്തിയുടെ ചുമതല. കോഴിക്കോട് എൻ ഐ ടിയിലെ വിദഗ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി വിലയിരുത്തല്‍ നടത്തി.

വിശദ വിവരങ്ങൾ ഇങ്ങനെ

195.55 കോടി രൂപയുടെ പദ്ധതിക്ക് മാർച്ചില്‍ സർക്കാർ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പുന്നപ്പുഴയില്‍ ഡ്രോണ്‍ സർവെയും പൂർത്തിയാക്കി. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ വലിയ പാറകളും മണ്ണും മരങ്ങളും അടിഞ്ഞ് പുഴയുടെ സ്വഭാവിക ഒഴുക്കിന് തടസ്സം വന്നിട്ടുണ്ട്. 6.9 കിലോമീറ്റർ പുഴ വഴിമാറി ഒഴുകുകയാണ് ഇപ്പോള്‍. മഴക്കാലത്തിന് മുൻപ് തന്നെ ഇപ്പോള്‍ പുഴ ഒഴുകുന്ന ഭാഗത്ത് ഉള്ള തടസ്സങ്ങള്‍ മാറ്റുകയെന്നതിന് ആണ് അടിയന്തര പ്രധാന്യം നല്‍കുന്നത്. ഗാബിയോൺ സംരക്ഷണ ഭിത്തികളൊരുക്കിയാണ്‌ പുഴയെ പഴയ പ്രതാപത്തിലേക്ക്‌ വീണ്ടെടുക്കുക. കരയിലെ ഉരുൾ അവശിഷ്ടവും നീക്കി സ്ഥലം കൃഷിക്ക്‌ അനുയോജ്യമാക്കി മാറ്റും. മണ്ണ്, പാറ തുടങ്ങിവയുടെ ശാസ്ത്രീയ പരിശോധനയും നടത്തും. എൻ ഐ ടി വിദ്ഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് കല്ലുകള്‍ മാറ്റുന്ന പ്രവർത്തി ഊർജ്ജിതുമാക്കുമെന്ന് ഊരാളുങ്കല്‍ പ്രതിനിധികള്‍ അറിയിച്ചു.

‘വയനാട് ടൗൺഷിപ്പ് ഭൂമി ഏറ്റെടുക്കൽ നടപടി തടയണം’; എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത വയനാട് പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എല്‍സറ്റണ്‍ എസ്റ്റേറ്റ് സുപ്രീം കോടതിയെ സമീപിച്ചു എന്നതാണ്. എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ അനുമതി നല്‍‌കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. മതിയായ നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കരുതെന്നാണ് ആവശ്യം. ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണമായും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ 2013 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഭൂമിഏറ്റെടുക്കുമ്പോള്‍ 549 കോടിയിലേരെ രൂപയുടെ വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നുത്. ഇത് നികത്താന്‍ മതിയായ തുകയല്ല സര്‍ക്കാര്‍ കെട്ടിവെച്ചതെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു. എല്‍സ്റ്റന്‍റെ ഹര്‍ജി എത്തുംമുമ്പേ തന്നെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജിയും നല്‍കിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!