വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് തീവ്ര ക്രിസ്ത്യന്‍ സംഘടനയായ കാസ സുപ്രീംകോടതിയിൽ
 
        ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് തീവ്ര ക്രിസ്ത്യന്‍ സംഘടനയായ കാസ സുപ്രീംകോടതിയില്‍. കേരളത്തില്‍ നിന്നും നിയമത്തെ പിന്തുണച്ച് സുപ്രീംകോടതിയെ പിന്തുണയ്ക്കുന്ന ആദ്യ സംഘടനയാണിത്. വഖഫ് നിയമഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കാസയും കക്ഷി ചേര്‍ന്നത്. മുനമ്പത്തെ 610 കുടുംബങ്ങളുടെ പ്രശ്‌നം വഖഫ് നിയമം മൂലമല്ല സംഭവിച്ചതെന്ന് വരുത്തി തീര്‍ത്ത് സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള മുസ്ലിംലീഗിന്റെ ശ്രമത്തെ തടയുവാനും ഭേദഗതി റദ്ദാക്കരുത് എന്ന് ആവശ്യപ്പെട്ടുമാണ് കാസ സുപ്രീംകോടതിയെ സമീപിച്ചത്കാസയ്ക്കുവേണ്ടി അഡ്വക്കേറ്റ് കൃഷ്ണരാജ്, അഡ്വക്കേറ്റ് ടോം ജോസഫ് എന്നിവര്‍ ഹാജരാവും. മുസ്ലീം ലീഗിന് പുറമെ കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ, ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, നടന്‍ വിജയ്യുടെ ടിവികെ, ആര്‍ജെഡി, ജെഡിയു, അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം, എഎപി തുടങ്ങിയ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും നിയമ ഭേദഗതിയെ എതിര്‍ത്ത് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി, ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന്‍, തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര, ആര്‍ജെഡി എംപിമാരായ മനോജ് കുമാര്‍ ഝാ, ഫയാസ് അഹമ്മദ്, കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ് തുടങ്ങി നിരവധി വ്യക്തികളും ബില്ലിനെ ചോദ്യം ചെയ്യുന്ന ഹര്‍ജിക്കാരില്‍ ഉള്‍പ്പെടുന്നു. മത സംഘടനകളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അര്‍ഷാദ് മദനി എന്നിവരും നിയമത്തെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയിട്ടുണ്ട്.

 
                 
                 
                 
                 
                 
                