വിളിക്കുന്നത് ആരെന്നറിയാന്‍ ട്രൂ കോളറൊന്നും വേണ്ട, പുതിയ ഫീച്ചര്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം

Share our post

തിരുവനന്തപുരം: നമ്മുടെയൊക്കെ ഫോണിലേക്ക് ഒരു കോള്‍ വരുമ്പോള്‍, അത് സേവ് ചെയ്തിട്ടില്ലാത്ത നമ്പറാണെങ്കില്‍ വിളിക്കുന്നത് ആരാണെന്ന് അറിയാന്‍ സാധിക്കണ്ടേ? ഇപ്പോള്‍ പലരും ട്രൂ കോളര്‍ പോലുള്ള ആപ്പുകളൊക്കെ ഇതിനായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇനി അതിന്റേയും ആവശ്യമുണ്ടാകില്ല. ടെലികോം സേവന കമ്പനികള്‍ തന്നെ കോള്‍ വരുമ്പോള്‍ അതാരാണെന്ന വിവരം നല്‍കിയാല്‍ എങ്ങനെയുണ്ടാകും? അങ്ങനൊരു സൗകര്യം വേഗത്തില്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ് ടെലികോം വകുപ്പ്. കോള്‍ വരുമ്പോള്‍ നമ്പറിനൊപ്പം ആരാണ് വിളിക്കുന്നതെന്ന് കാണിക്കുന്നതിനുള്ള പരീക്ഷണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ രാജ്യത്തെ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ടെലികോം വകുപ്പ്. വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃതൃങ്ങള്‍ കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കോളര്‍ നെയിം പ്രസന്റേഷന്‍ അഥവാ സിഎന്‍പി എന്നാണ് പദ്ധതിയുടെ പേര്. ഹരിയാണയിലും മഹാരാഷ്ട്രയിലും ഇതിന്റെ ആദ്യഘട്ട പരീക്ഷണം നടന്നിരുന്നു. റിലയന്‍സ്, ജിയോ, ഭാരതി എയര്‍ടെല്‍ കമ്പനികളാണ് പരീക്ഷണം നടത്തിയത്. വോഡഫോണും വിയും ഉടന്‍ പരീക്ഷണത്തിന് തുടക്കമിടും. വരുംമാസങ്ങളില്‍ രാജ്യവ്യാപകമായി ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കാനാണ് തീരുമാനം. 4ജി, 5ജി ഉപഭോക്താക്കള്‍ക്കായിരിക്കും ഈ സൗകര്യം ആദ്യം ലഭിക്കുക. ട്രൂകോളര്‍പോലെയുള്ള ആപ്പുകള്‍ ഇതിനായി ക്രൗഡ് സോഴ്സ് ഡേറ്റയെ ആശ്രയിക്കുമ്പോള്‍ കൂടുതല്‍ ആധികാരികമായ കെ.വൈ.സി. വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ടെലികോം കമ്പനികള്‍ കോളര്‍ ഐഡികള്‍ പ്രദര്‍ശിപ്പിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!